Top

'സംസ്ഥാന കൗണ്‍സിലില്‍ നിന്ന് താന്‍ സ്വയം ഒഴിവായത്'; തന്നെ വെട്ടി നിരത്താന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലില്ലെന്ന് സി ദിവാകരന്‍

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി ദിവാകരന്‍

3 Oct 2022 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാന കൗണ്‍സിലില്‍ നിന്ന് താന്‍ സ്വയം ഒഴിവായത്; തന്നെ വെട്ടി നിരത്താന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലില്ലെന്ന് സി ദിവാകരന്‍
X

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് താന്‍ സ്വയം ഒഴിവായതാണെന്നും ആരും ഒഴിവാക്കിയതല്ലെന്നും സി ദിവാകരന്‍. തന്നെ വെട്ടി നിരത്താന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലില്ല. ഒഴിയാനുള്ള താല്‍പ്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായും സി ദിവാകരന്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

എഴുത്തും വായനയുമായി സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കും. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി ദിവാകരന്‍ വ്യക്തമാക്കി. 75 വയസെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ് സി ദിവാകരന്‍ പട്ടികയില്‍ നിന്ന് പുറത്തുപോകാന്‍ കാരണമായത്. കെ ഇ ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മത്സരമില്ലാതെയാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന് കാനം പക്ഷത്തിനായിരുന്നു ആധിപത്യം. അതേസമയം സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ തോറ്റു.

മുന്‍ ജില്ലാ സെക്രട്ടറി പി രാജു, എ എന്‍ സുഗതന്‍, എം ടി നിക്‌സണ്‍, ടി സി സഞ്ജിത്ത് എന്നിവര്‍ക്കാണ് തോല്‍വി സംഭവിച്ചത്. കൊല്ലം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗ പട്ടികയില്‍ ജി എസ് ജയലാലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇ എസ് ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലാ പ്രതിനിധി യോഗത്തിലായിരുന്നു തീരുമാനം.

Story highlights: C Divakaran says that he recused himself from the CPI state council

Next Story