Top

മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് വൈദികന് നേരെ ആക്രമണം; പിതാവിനെ പൊലീസ് തെരയുന്നു

25 Sep 2022 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് വൈദികന് നേരെ ആക്രമണം; പിതാവിനെ പൊലീസ് തെരയുന്നു
X

തൃശ്ശൂര്‍: കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം നടന്നു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം നടന്നത്. കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് ഫാ. ജോബിയെ മര്‍ദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

പരുക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നാരോപിച്ചാണ് മര്‍ദ്ദനം. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.

തലയിലും പുറത്തും പരുക്കേറ്റു. കുറച്ചുദിവസം മുമ്പാണ് വില്‍സന്റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്. വൈദികന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല.

വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ ഇപ്പോള്‍ ഒളിവിലാണ്.

Story Highlights: attack against priest

Next Story