Top

'കയ്യിലുണ്ടായിരുന്ന ഡയമണ്ട് വിറ്റാണ് ശമ്പളം കൊടുത്തു തീർത്തത്'; ആ സമയത്ത് എല്ലാം മാനേജ് ചെയ്തത് ഭാര്യയായിരുന്നുവെന്ന് അറ്റ്ലസ് രാമചന്ദ്രൻ

ജയിലിൽ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്.

7 Aug 2022 8:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കയ്യിലുണ്ടായിരുന്ന ഡയമണ്ട് വിറ്റാണ് ശമ്പളം കൊടുത്തു തീർത്തത്; ആ സമയത്ത് എല്ലാം മാനേജ് ചെയ്തത് ഭാര്യയായിരുന്നുവെന്ന് അറ്റ്ലസ് രാമചന്ദ്രൻ
X

പ്രതിസന്ധി നേരിട്ട സമയത്ത് തന്റെ ഭാര്യയാണ് എല്ലാം മാനേജ് ചെയ്തിരുന്നതെന്ന് പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ. ജയിലിൽ കഴിയവെ എല്ലാ ജീവനക്കാര്‍ക്കും അവര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ക്കാന്‍ സാധിച്ചു. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ടസ് ഒരു ഹോള്‍ സെയിലര്‍ക്ക് വിറ്റാണ് ഈ പ്രതിസന്ധി മറികടന്നത്. തന്റെ ഭാര്യ ഇന്ദിരയാണ് അന്ന് ഇതെല്ലാം മാനേജ് ചെയ്തത്. ഒരു വീട്ടമ്മ മാത്രമായിരുന്നു അവള്‍. ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നില്ല. പക്ഷെ ഇങ്ങനെ വിഷമം വന്നപ്പോള്‍ ഓരോ ജീവനക്കാര്‍ക്കും കൊടുത്ത് തീര്‍ക്കാനുള്ളത് എന്താണോ, അതെല്ലാം കൊടുത്തു തീര്‍ത്തു എന്നത് തൃപ്തികരമായ കാര്യമാണെന്നും അറ്റലസ് രാമചന്ദ്രൻ റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിൽ സംസാരിക്കവെ പറഞ്ഞു. .

ജയിലിൽ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷമെടുത്തതിനാൽ ഒന്നും ചെയ്യാനായിരുന്നില്ല. ലോകത്താകമാനം തനിക്ക് 50 ഷോറൂമുകളുണ്ടായിരുന്നു. അതിൽ 20 എണ്ണം ദുബായിയിൽ ആയിരുന്നു. മടങ്ങി വന്നപ്പോഴേക്കും സ്വർണവും ഡയമണ്ട്സുമടങ്ങുന്ന തന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നുവെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു.

സ്വര്‍ണം എല്ലാം ഉണ്ടായിരുന്നു. അതാണ് ഏക ആസ്തി. പക്ഷെ ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലായെന്ന് തോന്നുമ്പോള്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുകയെന്ന് അറിയില്ല. താൻ ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1004 ദിവസങ്ങളാണ് താന്‍ ജയിലറകളില്‍ തളളിനീക്കിയത്. അതുവരെ തന്റെ കൂടെയുണ്ടായിരുന്ന ആരെയും ഇക്കാലയളവില്‍ കാണാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് തന്റെ ബിസിനസ് തകര്‍ന്നത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷക്കാലമെടുത്തു. ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ തന്റെ കയ്യില്‍ ഒരു സ്‌റ്റോക്കും ഉണ്ടായിരുന്നില്ലെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു.

വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലായിരുന്നു അറ്റ്‌ലസ് ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍തന്നെ ബിസ്‌നസ് ഇല്ലാത്തപക്ഷം വലിയ വാടക കൊടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറ്റ്‌ലസിന്റെ എല്ലാ ബിസിനസ് ഷോപ്പുകളും അടക്കേണ്ടി വന്നത്. മെയിന്‍ ഷോപ്പിന് തന്നെ 1.2 മില്ല്യന്‍ ദിര്‍ഹംസ് ആയിരുന്നു വാടക. ബിസിനസ് ഇല്ലെങ്കില്‍ ഇത്രയും വാടക കൊടുത്ത് നമുക്ക് നില്‍ക്കാന്‍ കഴിയില്ല.

എന്നാല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും അവര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ക്കാന്‍ ‌സാധിച്ചു. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ടസ് ഒരു ഹോള്‍ സെയിലര്‍ക്ക് കൊടുത്താണ് ഈ പ്രതിസന്ധി അദ്ദേഹം മറികടന്നത്. അന്ന് ഇതെല്ലാം മാനേജ് ചെയ്തത് ഒരു വീട്ടമ്മ മാത്രമായിരുന്ന തന്റെ ഭാര്യ ഇന്ദിരയാണെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

2015 ഓഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലാവുന്നത്. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു കേസ്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.STORY HIGHLIGHTS: 'Encountered a heavy setback in business'; Atlas Ramachandran on what happened in his life

Next Story