Top

ബാബുവിനെ രക്ഷിക്കാന്‍ കരസേന; പ്രത്യേകസംഘം രാത്രിയോടെ സ്ഥലത്തെത്തും

പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് പുറപ്പെടുന്നത്

8 Feb 2022 12:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാബുവിനെ രക്ഷിക്കാന്‍ കരസേന; പ്രത്യേകസംഘം രാത്രിയോടെ സ്ഥലത്തെത്തും
X

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാലാണിത്.

കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണില്‍ നിന്ന് ഏഴരയോടെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരെയും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റു രണ്ടു പേര്‍ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Next Story