Top

'പുനഃസ്ഥാപിക്കല്‍ ശക്തിപ്പെടും'; കോണ്‍ഗ്രസിന്റെ കെ റെയില്‍ പിഴുതെറിയല്‍ നേരിടുമെന്ന മുന്നറിയിപ്പുമായി ആനാവൂര്‍ നാഗപ്പന്‍

സര്‍വേകല്ല് പിഴുതെറിഞ്ഞാല്‍ വികസനം മുടക്കാമെന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

31 March 2022 7:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുനഃസ്ഥാപിക്കല്‍ ശക്തിപ്പെടും; കോണ്‍ഗ്രസിന്റെ കെ റെയില്‍ പിഴുതെറിയല്‍ നേരിടുമെന്ന മുന്നറിയിപ്പുമായി ആനാവൂര്‍ നാഗപ്പന്‍
X

തിരുവനന്തപുരം: കേരളത്തിലെ ഭാവിതലമുറയുടെ വികസന സ്വപ്‌നങ്ങളെ തല്ലിക്കെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട മുക്കൂട്ട് മുന്നണിയെ കേരളത്തിലെ യുവത ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി പിഴുതെറിഞ്ഞ കെറെയില്‍ സര്‍വേ കല്ലുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂര്‍ നാഗപ്പന്‍. സര്‍വേകല്ല് പിഴുതെറിഞ്ഞാല്‍ വികസനം മുടക്കാമെന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കെറെയില്‍ സാമൂഹിക ആഘാത പഠനം നടത്തുന്നത് നിയമാനുസൃതമുള്ള നടപടിയാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞിട്ടും സര്‍വേ കല്ല് പിഴുതെറിയുമെന്ന ജല്പനങ്ങളാണ് വിഡി സതീശനെ പോലുള്ളവര്‍ നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പദ്ധതി ആരുടെയും കണ്ണീര്‍ വീഴാതെയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി നാടിനാകെ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ജനങ്ങളോട് ഒരു കാര്യം പറഞ്ഞാല്‍ അത് പറഞ്ഞപോലെ പ്രവര്‍ത്തിക്കുന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മാത്രമല്ല പദ്ധതിക്ക് എതിര്‍ നിന്ന് കല്ലു പിഴുതെറിഞ്ഞ കോണ്‍ഗ്രസ് തെരുവാധാരമാകുമെന്നും പറഞ്ഞു. തുടുപ്പ് എടുത്ത് ഒളിപ്പിച്ചാല്‍ കല്യാണം മുടക്കാമെന്ന ചൊല്ലുപോലെ മറ്റൊരു വിഡ്ഢിത്തമാണ് സര്‍വേകല്ല് പിഴുത് വികസനം മുടക്കാമെന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആനാവൂര്‍ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിനായി നടത്തുന്ന സര്‍വ്വേ നിയമാനുസൃതമുള്ള നടപടിയാണെന്ന് ബഹു. ഹൈക്കോടതിയും ബഹു സുപ്രീം കോടതിയും വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് ബിജെപി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ വികസന വിരുദ്ധ സമരത്തില്‍ നിന്ന് പിന്മാറും എന്നാണ് ജനാധിപത്യ സമൂഹം കരുതിയത്. എന്നാല്‍ സുപ്രീം കോടതി പറഞ്ഞാലും ഞങ്ങള്‍ കല്ല് പിഴല്‍ തുടരുമെന്നാണ് വി ഡി സതീശന്റെ ജല്പനം. തുടുപ്പ് എടുത്ത് ഒളിപ്പിച്ചാല്‍ കല്യാണം മുടക്കാം' എന്ന ചൊല്ലുപോലെ മറ്റൊരു വിഡ്ഢിത്തമാണ് സര്‍വ്വേക്കല്ല് പിഴുതാല്‍ വികസനം മുടക്കാം എന്നത്.

കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സില്‍വര്‍ ലൈന്‍ പദ്ധതി ആരെയും നഷ്ടപ്പെടുത്താതെയും ഒരാളുടെയും കണ്ണീര്‍ വീഴാതെയും നല്ല നിലയ്ക്കുള്ള നഷ്ടപരിഹാരവും മറ്റു സഹായങ്ങള്‍ നല്‍കിയുമാണ് നടപ്പാക്കുക എന്ന് കേരളത്തിന്റെ ബഹുമാനപെട്ട മുഖ്യമന്ത്രി സ: പിണറായി വിജയന്‍ നേരിട്ട് തന്നെ നാടിനാകെ ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളോട് ഒരു കാര്യം ഉറപ്പ് പറഞ്ഞാല്‍ അത് പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്നവരാണ് എന്ന കാര്യം അനുഭവങ്ങളിലൂടെ അറിയുന്ന കേരളത്തിലെ ജനങ്ങള്‍ കെ റെയില്‍ പദ്ധതിയെയും സര്‍വാത്മനാ പിന്തുണയ്ക്കുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കല്ലു പിഴുത കോണ്‍ഗ്രസ് തെരുവാധാരമാകും. കേരളത്തിലെ ഭാവിതലമുറയുടെ വികസന സ്വപ്നങ്ങളെ തല്ലിക്കെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട മുക്കൂട്ട് മുന്നണിയെ യുവത ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും. ഈ അവിശുദ്ധ കൂട്ടുകെട്ട് പിഴുതെറിഞ്ഞ കല്ലുകള്‍ നാട്ടുകാര്‍ സ്വമേധയാ പുനഃസ്ഥാപിക്കുന്നതാണ് ഇന്ന് കാണുന്ന കാഴ്ച. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ പോവുകയാണ്.

STORY HIGHLIGHTS: Anavur Nagappan warns of Congress' K Rail demolition

Next Story