Top

ഷമ്മി തിലകന്റെ കാര്യത്തില്‍ തീരുമാനം പിന്നീട്; ഗണേഷ് കുമാറിന് രേഖാമൂലം മറുപടി നല്‍കുമെന്ന് 'അമ്മ'

ഗണേഷ് കുമാറിന്റെ കത്തുമായാണ് മോഹൻലാൽ യോഗത്തിലേക്ക് എത്തിയത്.

5 July 2022 3:44 PM GMT
ഫിൽമി റിപ്പോർട്ടർ

ഷമ്മി തിലകന്റെ കാര്യത്തില്‍ തീരുമാനം പിന്നീട്; ഗണേഷ് കുമാറിന് രേഖാമൂലം മറുപടി നല്‍കുമെന്ന് അമ്മ
X

നടൻ ഷമ്മി തിലകനെതിരെയുള്ള നടപടികളിൽ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമെന്ന് താര സംഘടന 'അമ്മ'. ഗണേഷ് കുമാറിനുള്ള മറുപടി രേഖാമൂലം നൽകുമെന്നും എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. ഇന്നത്തെ യോഗത്തിന് ശേഷമാണ് ഗണേഷ് കുമാർ നൽകിയ കത്തിന് രേഖാമൂലമുള്ള മറുപടി നൽകാൻ തീരുമാനമായത്.

എല്ലാ വിഷയങ്ങളിലും തീരുമാനമായെന്ന് 'അമ്മ' പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി. യോഗത്തിലെ തീരുമാനങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ഗണേഷ് കുമാറിനുള്ള മറുപടി മോഹൻലാൽ നാളെ നൽകും. അതിന് ശേഷമായിരിക്കും വാർത്താക്കുറിപ്പ് പുറത്തുവിടുക.

കഴിഞ്ഞ ദിവസമായിരുന്നു ഗണേഷ് കുമാർ അമ്മ'യുടെ ജനറൽ ബോഡി മീറ്റിംഗിൽ നടന്ന വിഷയങ്ങൾക്ക് മറുപടി ആവശ്യപ്പെട്ട് മോഹൻലാലിന് കത്ത് നൽകിയത്. വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ 'ക്ലബ്' പരാമർശം, തുടർന്നുണ്ടായ വിവാദം, 'അമ്മ'യിൽ വർധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് നൽകിയത്. താൻ മുൻപ് അയച്ചിരുന്ന കത്തുകൾക്കൊന്നും തന്നെ മറുപടി ലഭിച്ചിരുന്നില്ല എന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് കുമാർ പരാമർശിച്ചിരുന്നു.

ഗണേഷ് കുമാറിന്റെ കത്തുമായാണ് മോഹൻലാൽ യോഗത്തിലേക്ക് എത്തിയത്. ഷമ്മി തിലകൻ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്.

story highlights: amma decisions on shammi thilakan and ganesh kumar issues


Next Story