Top

'കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്'; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അമിത് ഷാ

17 Oct 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അമിത് ഷാ
X

കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ പിന്തുണയും സഹായവും കേരളത്തിന് നൽകുമെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാ പ്രവർത്തനത്തിയി എൻഡിആർഎഫ് നിലവിൽ സംസ്ഥാനത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നുണ്ട്. മഴയുടെ ശക്തി കുറഞ്ഞതിൻ്റെ ആശ്വാസത്തിലാണ് വടക്കൻ കേരളം അണക്കെട്ടുകളിൽ ജല നിരപ്പ് സാധാരണ നിലയിലാണ്. മുൻകരുതലിൻ്റെ ഭാഗമായി പ്രത്യേകിച്ച് മലയോര മേഖലകളിലൂടെയുള്ള രാത്രി കാല യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശമാണ് ജില്ല ഭരണകൂടം നൽകിയിട്ടുള്ളത്.

ഇടുക്കിയില്‍ മഴയ്ക്ക് അല്‍പ്പ ശമനമുണ്ട്. വിവിധ ഇടങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പുഴകളിലേയും മറ്റും നീരൊഴുക്ക് ശക്തമായി തുടരുന്നു. അണക്കെട്ടുകളിലേയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തി. കല്ലാര്‍കൂട്ടി, കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം എന്നിവ തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ അശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്ന റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു. പതിനേഴ് ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടയത്തും മഴ മാറി നിൽക്കുകയാണ്. ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയുണ്ട്. ഇന്നലെ കനത്ത മഴ പെയ്ത കാഞ്ഞിരപ്പള്ളി പൂഞ്ഞാർ കൂട്ടിക്കൽ പാലാ മേഖലകളിൽ മഴ പെയ്യുന്നില്ല എന്നത് ആശ്വാസമാണ്. മഴ തുടർന്നിരുന്നെങ്കിൽ രക്ഷപ്രവർത്തനം നടത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. റോഡിലെ വെള്ളക്കെട്ട് പലയിടത്തും ഇറങ്ങി തുടങ്ങി. എന്നാൽ ഉരുളപൊട്ടൽ അടക്കം ഉണ്ടായതിനാൽ ജില്ലയിലെ നാശ നഷ്ടങ്ങൾ വലുതാണ്. പല മേഖലകളും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

എറണാകുളത്തും മഴ കുറഞ്ഞു. ഇന്നലെ ശക്തമായ മഴ പെയ്ത് നഗരത്തിലെ പലസ്ഥലങ്ങളിലുമുണ്ടായ വെള്ളകെട്ട് പൂർണമായും വലിഞ്ഞു. മഴയെതുടർന്ന് ഇന്നലെ തന്നെ ആലുവ, മൂവാറ്റുപുഴ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് വീതം തുറന്നിരുന്നു. 25 കുടുംബങ്ങളിൽ നിന്നായി 86 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

തൃശൂരിലും മഴയ്ക്ക് ശമനം ഉണ്ടായി. തൃശ്ശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ടീം രക്ഷാ പ്രവർത്തനങ്ങൾക്ക് സജ്ജമായി. കൂടാതെ മത്സ്യ ഫെഡും മുൻകരുതലിന്റെ ഭാഗമായി വള്ളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചാലക്കുടിപ്പുഴയുടെ തിരുത്ത് താമസിക്കുന്നവർക്കുള്ള ജാഗ്രതാനിർദേശം തുടരുകയാണ്.

Next Story

Popular Stories