Top

ആമസോണിന്റെ മഴവിൽ ക്യാംപെയ്നെതിരെ ജമാ അത്ത് അനുകൂലികൾ; ഹോമോഫോബിയയെന്ന് വിമർശനം

20 Jun 2022 3:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആമസോണിന്റെ മഴവിൽ ക്യാംപെയ്നെതിരെ ജമാ അത്ത് അനുകൂലികൾ; ഹോമോഫോബിയയെന്ന് വിമർശനം
X

കൊച്ചി: എല്‍ജിബിടിക്യു വിഭാഗക്കാര്‍ക്ക് പിന്തുണയറിയിച്ച് കൊണ്ട് പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്ത്യ. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രൈഡ് മാസത്തില്‍ ഓര്‍ഡറുകളുടെ പാക്കറ്റ് മഴവില്‍ നിറത്തിലുള്ള ടാപ്പ് കൊണ്ടാണ് പൊതിഞ്ഞിരുക്കുന്നത്. എല്‍ജിബിടിക്യുഐഎപ്ലസ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളായതിനാലാണ് മഴവില്‍ നിറങ്ങള്‍ തെരഞ്ഞെടുത്തത്.

പ്രൈഡ് മാസമായ ജൂണ്‍ മാസം മുഴുവനും ഇത്തരത്തിലാണ് ആമസോണ്‍ ഓര്‍ഡറുകള്‍ വീട്ടിലെത്തുക. ആമസോണിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വരുന്നത്. അതേസമയം എനിക്ക് വേണ്ടാത്ത പുരോഗമനം എന്റെ കാശില്‍ തന്നെ വാങ്ങിപ്പിക്കുന്നത് ശരിയാണോയെന്ന് ചോദിക്കുന്നവരുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ജമാ അത്ത് ഇസ്ലാമി അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് ആമസോണിന്റെ തീരുമാനത്തിനെതിരെ വിമർശനമുയരുന്നത്. തീർത്തും ഹോമോഫോബിക്കായ വാക്കുകളാണിവയെന്നും ന്യൂനപക്ഷ സംരക്ഷണം, സ്വത ബോധം തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നെന്ന് പറയുന്ന ഇത്തരക്കാർ എന്തുകൊണ്ടാണ് മറ്റൊരു ന്യൂനപക്ഷത്തിന്റെ സ്വത്വ ബോധത്തെ അം​ഗീകരിക്കാത്തതെന്ന ചോദ്യമാണുയരുന്നത്.

സ്വവര്‍ഗാനുരാഗികള്‍ തങ്ങളുടെ സ്വത്വം ആഘോഷിക്കുന്ന പ്രൈഡ് മാസത്തില്‍ മഴവില്‍ നിറത്തിന് വളരെ പ്രാധാന്യമാണുള്ളത്. അതേസമയം ഇതേ കാരണം കൊണ്ട് തന്നെ മഴവില്‍ നിറം ചിലയിടങ്ങളില്‍ വിവാദ വിഷയവുമാവുന്നുണ്ട്. അടുത്തിടെ സൗദി അറേബ്യയിൽ കടകളിൽ നിന്നും മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ അധികൃതർ പിടിച്ചെടുക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു. മഴവിൽ നിറം സ്വവർ​ഗനുരാ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ ഹെയർ ക്ലിപ്പുകൾ, പെൻസിൽ, തൊപ്പികൾ, ടീ ഷർട്ട് തുടങ്ങിയവയാണ് കടകളിൽ നിന്നും നീക്കം ചെയ്യുന്നത്. കുട്ടികളെ ഇത് തെറ്റായി സ്വാധീനിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വാദം

ഇസ്ലാമിക വിശ്വാസത്തിനും സദാചാര മൂല്യങ്ങൾക്കും ഇവ എതിരാണെന്നും അധികൃതർ പറയുന്നു. തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമാനമായി കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറും മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു. സ്വവർ​ഗാനുരാ​ഗത്തെ കുറ്റകൃത്യമായി കാണുന്ന ​ഗൾഫ് രാജ്യങ്ങളിൽ ഇതിനെതിരെ കടുത്ത നിയമ നടപടികളാണുള്ളത്. ചാട്ടവാറടി മുതൽ വധ ശിക്ഷ വരെയാണ് സ്വവർ​ഗരതിയിലേർപ്പെടുന്നവർക്കുള്ള ശിക്ഷ. സ്വവർ​ഗാനുരാ​​ഗ രം​ഗ​ങ്ങളുള്ള സിനിമകൾ ഇവിടങ്ങളിൽ പ്രദർശിപ്പിക്കാൻ അനുമതിയില്ല. അതേസമയം സമൂഹ മാധ്യമങ്ങളുടെ കടന്ന് വരവ് ഈ രാജ്യങ്ങളിലെ യുവത്വത്തിനിടയിൽ ലൈം​ഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നുണ്ട്.

ജമാഅത്തെ അനുകൂല പ്രൊഫൈലുകളില്‍ നിന്നും ആമസോണിനെതിരായ പ്രചാരണത്തിനെതിരെ എഴുത്തുകാരനും ആരോഗ്യവിദഗ്ദനുമായ ഡോ. നെല്‍സണ്‍ ജോസഫ് രംഗത്തെത്തി. എത്ര തടഞ്ഞാലും കാലം മാറിക്കൊണ്ടേയിരിക്കുമെന്നും വ്യത്യാസങ്ങളുള്ളവരെ വെറുക്കാനല്ലാതെ ചേര്‍ത്ത് നിര്‍ത്താന്‍ പഠിച്ചുകൊണ്ടേയിരിക്കുമെന്നും അല്ലാത്തതൊക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ എല്‍ജിബിടിഐക്യൂപ്ലസ് കമ്മ്യൂണിറ്റിക്കെതിരായി നടത്താന്‍ തീരുമാനിച്ച പ്രഭാഷണം വിവാദമായിരുന്നു. സംഘടനയുടെ കണ്ണൂര്‍ ഘടകത്തിന്റെ വനിതാ വിഭാഗം നടത്താനിരുന്ന ഓണ്‍ലൈന്‍ പരിപാടിയാണ് വിവാദമായത്. പ്രകൃതി വിരുദ്ധതയിലേക്കുള്ള വാതില്‍ എന്ന പേരില്‍ പ്രഭാഷകനും അധ്യാപകനുമായ ഡോ. മുഹമ്മദ് നജീബായിരുന്നു പരിപാടിയില്‍ സംസാരിക്കേണ്ടിയിരുന്നത്. ഇതിനെതിരെ ലൈംഗിക ന്യൂനപക്ഷ അവകാശപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഡോ. നെല്‍സണ്‍ ജോസഫിന്റെ വാക്കുകള്‍:

ആമസോണിന്റെ പാക്കിന്റെ പുറത്തെ സ്റ്റിക്കറില്‍ മഴവില്‍ വര്‍ണങ്ങള്‍ കണ്ടത് അത്ര പിടിക്കാത്ത ഒരാളുടെ പോസ്റ്റ് വായിച്ചു.

കാശ് കൊടുത്തത് ആമസോണിന്റെ പ്രൊഡക്റ്റിനാണ് പൊളിറ്റിക്‌സിനല്ലത്രേ.

ആ കുറിപ്പിന് താഴെ ലൈംഗിക ന്യൂനപക്ഷങ്ങളിലുള്ളവരെക്കുറിച്ചുള്ള വളരെ മോശമായ ഭാഷയിലെ കമന്റുകളും വായിച്ചു.

ഓരോരുത്തരുടെ ഉള്ളിലുള്ളത് പുറത്തേക്ക് വരുന്നു..അത്രതന്നെ.

ഒരു കവറിന് പുറത്ത് ഒട്ടിച്ച സ്റ്റിക്കര്‍ കണ്ട് വ്രണിതഹൃദയരാവുന്നത് കാണുമ്പൊ സഹതാപം തോന്നുന്നു.

എത്ര തടഞ്ഞാലും കാലം മാറിക്കൊണ്ടേയിരിക്കും.

മനുഷ്യര്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരായിക്കൊണ്ടേയിരിക്കും.

വ്യത്യാസങ്ങളുള്ളവരെ വെറുക്കാനല്ലാതെ ചേര്‍ത്ത് നിര്‍ത്താന്‍ പഠിച്ചുകൊണ്ടേയിരിക്കും.

അല്ലാത്തതൊക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോവുകയും ചെയ്യും.

അത് പറഞ്ഞപ്പൊഴാ ഓര്‍ത്തത്.

ആമസോണില്‍ നിന്ന് എന്തെങ്കിലും വാങ്ങിച്ചിട്ട് കുറച്ചായി.

Story Highlight: amazon India's new move to support lgbtq in pride month

Next Story