Top

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കായിക ടീമുകളുണ്ടാക്കി തിരുവനന്തപുരം നഗരസഭ; വ്യാപക വിമര്‍ശനം

1 Aug 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കായിക ടീമുകളുണ്ടാക്കി തിരുവനന്തപുരം നഗരസഭ; വ്യാപക വിമര്‍ശനം
X

തിരുവനന്തപുരം: വിവിധ കായിക ഇനങ്ങളില്‍ തിരുവനന്തപുരം നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ടീമുണ്ടാക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയത്.

ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്‌സി-എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചത്. മറ്റൊരു ഭരണഘടന സ്ഥാപനങ്ങളിലും ഈ തരത്തില്‍ ജാതി അടിസ്ഥാനത്തില്‍ വെവ്വേറെ ടീമുകളുണ്ടാകാതിരിക്കേ തിരുവനന്തപുരം നഗരസഭയുടെ ഈ നടപടി വിവേചനമാണെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

സാമൂഹികമായും സാംസ്‌കാരികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ മനുഷ്യരെ പ്രത്യേക ശ്രദ്ധ നല്‍കി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഭാഗഭാക്കാക്കുക എന്ന ഭരണഘടന ലക്ഷ്യം മറികടന്ന് പ്രത്യേകമായ ടീമുണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും വിമര്‍ശനമുണ്ട്. ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണത്തിന്റെ അന്ത:സത്ത മനസ്സിലാക്കാതെയുള്ള നടപടിയാണ് നഗരസഭയുടേതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം

നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.

നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Story Highlights: allegations against trivandrum corporation based on discrimination

Next Story