Top

ദിലീപിനെ ഇന്ന് മുതല്‍ ചോദ്യം ചെയ്യും; പ്രതികള്‍ 9 ന് ഹാജരാകണം

ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്

23 Jan 2022 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിനെ ഇന്ന് മുതല്‍ ചോദ്യം ചെയ്യും; പ്രതികള്‍ 9 ന് ഹാജരാകണം
X

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ മൂന്ന് ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെ അന്വേഷണ സംഘത്തിന് ദിലീപ് ഉള്‍പ്പെടെ കേസിലെ അഞ്ച് പേരെ ചോദ്യം ചെയ്യാം. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ബന്ധുവായ അപ്പു എന്നിവരാണ് മറ്റ് പ്രതികള്‍.

ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി തനിക്ക് വെറും സിനിമാ ബന്ധം മാത്രമാണുള്ളതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories