പത്തനംതിട്ട: പി വി അന്വറിന്റെ ആരോപണങ്ങളില് സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് മന്ത്രി വി ശിവന്കുട്ടി. അന്വറാണോ പി ശശിയാണോ ശരിയെന്ന് അന്വേഷണത്തില് തെളിയും. എഡിജിപി എം ആര് അജിത്കുമാറിനെതിരെ അന്വേഷണത്തിന് സര്ക്കാര് അന്തസായി തീരുമാനം എടുത്തെന്നും ശിവന്കുട്ടി പ്രതികരിച്ചു.
'അന്വര് വിഷയത്തില് പാര്ട്ടി സഖാക്കള്ക്ക് ഒരു ആശങ്കയുമില്ല. സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ കുറിച്ച് ഒരു ആക്ഷേപവും ഇല്ല. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന് ചില ശ്രമങ്ങള് നടക്കുന്നുണ്ട്. അത് അംഗീകരിക്കാനാകില്ല. എഡിജിപിയെ മാറ്റിനിര്ത്തിയുള്ള അന്വേഷണം വേണമെന്നത് അന്വറിന്റെ അഭിപ്രായമാണ്. സര്ക്കാരിന്റെ അഭിപ്രായം സര്ക്കാര് പറഞ്ഞുകഴിഞ്ഞു. ആരൊക്കെ വീടുവെക്കുന്നു എന്ന് നോക്കലല്ല തന്റെ ജോലി, തന്റെ പണി വേറെയാണ്. അത് ചെയ്യുന്നുണ്ടെന്നും വി ശിവന്കുട്ടി കൂട്ടിച്ചേര്ത്തു.
ചില മാധ്യമങ്ങള് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങള് കേരളത്തില് ആരെങ്കിലും വിശ്വസിക്കുമോ എന്നും വി ശിവന്കുട്ടി ചോദിച്ചു. ആര്എസ്എസുകാര് തലയ്ക്ക് വില പറഞ്ഞ ആളാണ് പിണറായി വിജയന്. പിണറായി വിജയന് ആര്എസ്എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല് കേരളത്തില് ആരും വിശ്വസിക്കില്ല. വിരോധമുണ്ടെന്ന് വെച്ച് എന്തും വിളിച്ചുപറയുന്ന രീതി പ്രതിപക്ഷ നേതാവ് ഉപേക്ഷിക്കണമെന്നും വി ശിവന്കുട്ടി പ്രതികരിച്ചു.