രഞ്ജിത്തിനെതിരായ പീഡന ആരോപണം;നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ്

രഞ്ജിത്തിൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു സംഭവം. കെ ആർ മീരയ്ക്ക് കാര്യങ്ങൾ അറിയാമായിരുന്നു.

രഞ്ജിത്തിനെതിരായ പീഡന ആരോപണം;നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ്
dot image

തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ പീഡന ആരോപണത്തിൽ ബംഗാളി നടി ശ്രീലേഖ മിത്ര പരാതി നൽകും. സംഭവം നടന്ന അന്ന് തന്നെ ശ്രീലേഖ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി സംവിധായകൻ ജോഷി ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.

ശ്രീലേഖയെ ഓഡിഷനായി വിളിച്ചതല്ല. രഞ്ജിത്തിൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ശ്രീലേഖയ്ക്ക് ദുരനുഭവമുണ്ടായത്. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. കെ ആർ മീര പൊതുവേദിയിൽ രഞ്ജിത്തിൻ്റെ പ്രവർത്തിയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും ജോഷി ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. ജോയ് മാത്യുവിൻ്റെ നിലപാട് മയപ്പെട്ടു. നാവിലെ അമ്ളത കുറഞ്ഞുവെന്നും ജോഷി ജോസഫ് പറഞ്ഞു.

മാഫിയയുടെ പ്രത്യേകത തങ്ങൾ നിലനിൽക്കുന്നില്ല എന്ന് പറയുന്നതാണ്. ഡബ്ലിയു സിസി യെ തകർക്കാൻ പവർഗ്രൂപ്പ് ശ്രമിച്ചു. അത് വിജയിക്കുകയും ചെയ്തു. അതിനായി അവർ ചെയ്തത് ഒരു നിർമാതാവിനെ ഒരു സംവിധായികയ്ക്ക് നൽകുകയായിരുന്നു. മാഫിയയെ തൊടാൻ കഴിയില്ല. പക്ഷെ അനുഭവിക്കാൻ കഴിയും. ഡബ്ലിയുസിസി സംഘടന മാത്രമല്ല ഒരു സമീപന രീതികൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നതെന്ന് ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദിവസങ്ങൾ നീണ്ട മൗനം വെടിഞ്ഞ് എഎംഎംഎ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. . ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല. സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ സംഘടനയെ തള്ളിയായിരുന്നു ജഗദീഷിന്റെ പ്രതികരണം. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. നടിമാർ വാതിൽ മുട്ടിയെന്ന് പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image