കണ്ണു തുറക്കുമ്പോള് കഴുത്തറ്റംവരെ വെള്ളമായിരുന്നു, ഒരു ആയുഷ്ക്കാലം മുഴുവനും സമ്പാദിച്ചത് പോയി: സോമൻ

ജീവൻ പോകുമെന്ന് കരുതിയപ്പോൾ നീന്തി നീന്തി ടൗണിലെത്തിയെന്നും അപ്പോൾ ആളുകൾ വന്ന് തന്നെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സോമന് പറഞ്ഞു

dot image

കല്പ്പറ്റ: ഉരുൾപൊട്ടുന്ന ശബ്ദംകേട്ട് കണ്ണുതുറന്നു നോക്കുമ്പോൾ കഴുത്തറ്റം വരെ വെള്ളമായിരുന്നുവെന്ന് വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട സോമൻ റിപ്പോർട്ടറിനോട്. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ നിന്ന് അതിശയകരമായാണ് സോമൻ ജീവൻ തിരിച്ച് പിടിച്ചത്. 'ജീവൻ പോകുമെന്ന് കരുതിയപ്പോൾ നീന്തി നീന്തി ടൗണിലെത്തിയെന്നും അപ്പോൾ ആളുകൾ വന്ന് തന്നെ രക്ഷപ്പെടുത്തുകയായിരുന്നു'വെന്നും സോമന് പറഞ്ഞു. ഒരു ആയുഷ്ക്കാലം മുഴുവനും സമ്പാദിച്ചത് പോയെന്ന് പറയുമ്പോള് സോമന്റെ വാക്കുകള് ഇടറി.

സോമന്റെ വാക്കുകള്

വീട് വിട്ടുപോകാന് മനസു വന്നില്ല. അപ്പോള് ഞാന് അവിടെത്തന്നെ നിന്നു. ഇങ്ങനെയൊരു സംഭവമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. നല്ല മഴയായിരുന്നു. വെള്ളം കേറുമെന്ന് കരുതിയിരുന്നു. രണ്ടുമണിയായപ്പോള് ഒരു ശബ്ദം കേട്ടു. കണ്ണു തുറന്നു നോക്കുമ്പോള് കഴുത്തറ്റംവരെ വെള്ളമായിരുന്നു. അങ്ങനെ വാര്പ്പിനുമുകളില് കയറി. മഴകൂടിയപ്പോള് ഒരു പൈപ്പില് പിടിച്ചു നിന്നു. അതിലും രക്ഷയില്ലാതെ വന്നപ്പോള് അവിടെയൊരു മരമുണ്ടായിരുന്നു. അതില് പിടിച്ച് ഇറങ്ങി. കഴുത്തറ്റം ചെളിയായിരുന്നു. ഒരു നിവര്ത്തിയുമില്ലാതെ തപ്പിത്തപ്പി തുഴഞ്ഞുതുഴഞ്ഞ് മുക്കാൽ മണിക്കൂറോളം എടുത്ത് ടൗണിലെത്തി. ഞാൻ കുറേ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ആര്ക്കും രക്ഷിക്കാന് എത്താവുന്ന സ്ഥിതിയായിരുന്നില്ല. ജീവൻ പോകുമെന്ന് കരുതിയപ്പോൾ നീന്തി നീന്തി ടൗണിലെത്തി. അപ്പോൾ ആളുകൾ വന്നെന്നെ രക്ഷപ്പെടുത്തി. ഒരു ആയുഷ്ക്കാലം മുഴുവനും സമ്പാദിച്ചത് പോയി. വേറൊന്നും പറയാനില്ല.

dot image
To advertise here,contact us
dot image