ആരോഗ്യ വകുപ്പിന് കേന്ദ്രത്തിന്റെ ധനസഹായം; 100 കോടി അനുവദിച്ചു

ഈ ഇനത്തില്‍ കേരളത്തിന് ഇനി ലഭിക്കാന്‍ ഉള്ളത് 537 കോടി രൂപ
ആരോഗ്യ വകുപ്പിന് കേന്ദ്രത്തിന്റെ ധനസഹായം; 100 കോടി അനുവദിച്ചു

തിരുവനന്തപുരം: കേരള ആരോഗ്യ വകുപ്പിന് കേന്ദ്രം 100 കോടി അനുവദിച്ചു. കേന്ദ്ര ആരോഗ്യ മിഷനാണ് (എന്‍എച്ച്എം) ഫണ്ട് അനുവദിച്ചത്. ആശുപത്രികളുടെ ബ്രാന്‍ഡിംഗ് പുരോഗമിക്കുന്നതിനിടയാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കാന്‍ ഉള്ളത് 537 കോടി രൂപയാണ്. പനി അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പകരുന്ന സാഹചര്യത്തില്‍ കേന്ദ്രം ഫണ്ട് അനുവദിച്ചത് സംസ്ഥാന സര്‍ക്കാറിന് വലിയ ആശ്വാസമാകും.

കോടികളുടെ കുടിശികയിലാണ് ആരോഗ്യവകുപ്പിന് താല്‍ക്കാലിക ആശ്വാസം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ 1255 കോടി, കാരുണ്യ ബനവലന്റ് ഫണ്ടിലെ 200 കോടി, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്നു വാങ്ങിയ വകയില്‍ 300 കോടിയിലധികം രൂപ, 108 ആംബുലന്‍സ് ടത്തിപ്പിന് 70 കോടി രൂപ ഇങ്ങനെ വിവിധ പദ്ധതികളില്‍ ആയി ആരോഗ്യവകുപ്പിന് വന്‍ കുടിശ്ശിക ആണ് ഉള്ളത്. കേന്ദ്ര ഗ്രാന്‍ഡ് കിട്ടാത്തതാണ് കുടിശ്ശിക കൂടാന്‍ കാരണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം. 637 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടെ കേന്ദ്ര വിഹിതം കിട്ടാനുള്ളത്. ഇതിലാണ് 100 കോടി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

കേന്ദ്രം കൂടുതല്‍ ഫണ്ട് അനുവദിച്ചാലും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൂടി കിട്ടാതെ നിലവിലെ കുടിശിക തീര്‍ക്കാന്‍ ആകില്ല. കാരുണ്യ ബനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. കേന്ദ്രമാനദണ്ഡങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാത്തതിനാല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ പുതിയതായി ആളുകളെയും ചേര്‍ക്കുന്നില്ല. ഇതിനിടയിലാണ് 70 കോടി രൂപ കിട്ടിയില്ലെങ്കില്‍ ജൂണ്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ആകില്ലെന്ന് 108 നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനി സര്‍ക്കാരിനെ അറിയിച്ചത്. കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ മരുന്നു വിതരണത്തെയും സാരമായി ബാധിക്കും എന്ന് മരുന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്. നിലവില്‍ അനുവദിച്ച 100 കോടിയില്‍ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള പ്രതിസന്ധി തീര്‍ക്കാനാകും സര്‍ക്കാരിന്റെ ശ്രമം.

സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ (യു.പി.എച്ച്.സി), അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്സ് എന്നിവയുടെ ബ്രാന്റിങ്ങ് പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ ബ്രാന്റിങ്ങ് പ്രവൃത്തി പുരോഗമിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളുടെ നെയിം ബോര്‍ഡുകളില്‍ ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍, കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, ഇത് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 2023 ഡിസംബറിനുള്ളില്‍ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. 7000ത്തിലധികം ആശുപത്രികള്‍ ഉള്ളതില്‍ 40ല്‍ താഴെ ആശുപത്രികളിലാണ് ഇപ്പോള്‍ ബ്രാന്‍ഡിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com