'കേരളം പിടിക്കാനുള്ള മോദി-ഷാ നീക്കത്തിൻ്റെ മിനിയേച്ചർ പതിപ്പ്, RSS കൂറ് പുലർത്തുന്നവരുടെ കൂടാരമാണ് കോൺഗ്രസ്'

'ബിജെപി കടന്ന് കയറില്ലെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് മൊത്തത്തിൽ ബിജെപിയായി'

'കേരളം പിടിക്കാനുള്ള മോദി-ഷാ നീക്കത്തിൻ്റെ മിനിയേച്ചർ പതിപ്പ്, RSS കൂറ് പുലർത്തുന്നവരുടെ കൂടാരമാണ് കോൺഗ്രസ്'
dot image

കല്പറ്റ: മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കേരളം പിടിക്കാനുള്ള മോദി- ഷാ നീക്കത്തിൻ്റെ മിനിയേച്ചർ പതിപ്പാണ് മറ്റത്തൂരിൽ കണ്ടതെന്നും അനുകൂല സാഹചര്യം വന്നാൽ ബിജെപി ആകാൻ മടിക്കാത്ത ആശയപരമായി ആർഎസ്എസിനോട് കൂറ് പുലർത്തുന്ന നേതാക്കളുടെ കൂടാരമാണ് കോൺഗ്രസ് എന്നും റഫീഖ് വിമർശിച്ചു. കോൺഗ്രസിലെ സംഘപരിവാർ സ്ലീപിങ്ങ് സെല്ലുകൾ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയിൽ ഉറങ്ങി എഴുന്നേൽക്കുമെന്ന് തീർച്ചയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഫീഖിന്റെ വിമർശനം. എളുപ്പത്തിൽ ബിജെപി കടന്ന് കയറില്ലെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് മൊത്തത്തിൽ ബിജെപി ആയി മാറിയതും നിരവധി തവണ നമ്മൾ കണ്ടിട്ടുള്ളതാണ് എന്ന് റഫീഖ് പറഞ്ഞു. അരുണാചൽ പ്രദേശ്, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ ഒരു മിനി പരീക്ഷണശാലയായി കേരളത്തിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മാറുകയാണ്. ഇത് കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ ഗൗരവത്തിൽ കാണണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇത് ആവർത്തിക്കാൻ മടിക്കില്ലെന്ന് തീർച്ചയാണ് എന്നും കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ വോട്ട് ചെയ്യേണ്ടതുണ്ട് എന്നതിൻ്റെ സൂചനയായി മറ്റത്തൂർ മാറുന്നുണ്ട് എന്നും റഫീഖ് കുറിച്ചു.

ആർഎസ്എസിനോട് കൂറ് പുലർത്തുന്ന നേതാക്കളുടെ കൂടാരമാണ് കോൺഗ്രസ് എന്നും റഫീഖ് വിമർശിച്ചു. അനുകൂല സാഹചര്യം വന്നാൽ ഇവർ ബിജെപി ആകും. വരുന്ന തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് മുഖമുള്ള ബിജെപിയെ മാത്രം കേരളത്തിലെ മതേതര വിശ്വാസികൾ ഭയന്നാൽ പോര. കോൺഗ്രസ് പൊയ്മുഖമുള്ള ആർഎസ്എസുകാരെയും ഭയക്കേണ്ടതുണ്ട്. ഇത്തരം സ്ലീപ്പിങ് സെല്ലുകളെ പ്രതിരോധിക്കണം എന്നും അത് നമ്മുടെ രാഷ്ട്രീയ ദൗത്യമാണ് എന്നും റഫീഖ് കൂട്ടിച്ചേർത്തു.

കർണാടക ബുൾഡോസർ രാജിനെയും റഫീഖ് വിമർശിച്ചു. കോൺഗ്രസ് ആയിരിക്കുമ്പോൾതന്നെ ആശയപരമായി ആർഎസ്എസ് ആയിരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രം കർണ്ണാടകയിൽ നമ്മൾ കാണുന്നുണ്ട്. സിദ്ധരാമയ്യ സർക്കാരിൻ്റെ ബുൾഡോസറുകൾ മുസ്‌ലിം വിഭാഗത്തിൻ്റെ വീടുകൾ ഒരു മുന്നറിയിപ്പുമില്ലാതെ തകർത്തത് കോൺഗ്രസ് നേതാക്കൾ എവിടെ നിൽക്കുന്നു എന്നതിൻ്റെ സൂചനയാണ്. യുപിയിൽ യോഗി ആദിത്യനാഥ് മുസ്‌ലിം വീടുകൾ ബുൾഡോസ് ചെയ്ത അനുഭവം ഒരു കോൺഗ്രസ് സർക്കാർ ആവർത്തിക്കുമ്പോൾ അതിലെ അപകടകരമായ സൂചന നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികൾ തിരിച്ചറിഞ്ഞ് പോകണം എന്നും റഫീഖ് ആവശ്യപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപി വളർന്ന് പന്തലിച്ച ഇടങ്ങളിലെല്ലാം അതിന് വഴിവെട്ടിയതും വളമിട്ടതും കോൺഗ്രസുകാർ തന്നെയാണ്. എളുപ്പത്തിൽ ബിജെപി കടന്ന് കയറില്ലെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് മൊത്തത്തിൽ ബിജെപി ആയി മാറിയതും നിരവധി തവണ നമ്മൾ കണ്ടിട്ടുള്ളതാണ്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മാറാൻ കഴിയുമെന്ന് തെളിയിച്ച കോൺഗ്രസുകാരുടെ കണക്കെടുത്താൽ അത് ഈയൊരു കുറിപ്പിൽ തീരുമോ?

അരുണാചൽ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാർ കോൺഗ്രസ് വിട്ടെത്തി ബിജെപിക്ക് വളമായി മാറിയ മുൻ കോൺഗ്രസ് നേതാക്കളാണ്. ത്രിപുരയിലും അരുണാചലിലും ബിജെപി എങ്ങനെ ഭരണകക്ഷിയായി മാറി എന്ന് പരിശോധിച്ചാൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അടപടലം ബിജെപിയായി മാറുകയായിരുന്നു എന്ന് കാണാൻ കഴിയും.
ഇതിൻ്റെ ഒരു മിനി പരീക്ഷണശാലയായി കേരളത്തിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മാറിയത് കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ ഗൗരവത്തിൽ കാണേണ്ടതാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ എൽഡിഎഫിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ കോൺഗ്രസ് ജനപ്രതിനിധികൾ അടപടലം ബിജെപിയുമായി സന്ധിചെയ്തിനെ ത്രിപുരയിൽ മണിക് സാഹയും കൂട്ടരും അരുണാചലിൽ പേമ ഖണ്ഡുവും കൂട്ടരും ചെയ്തതിൻ്റെ തുടർച്ചയായി തന്നെ വേണം കാണാൻ.

ഇതൊരു സൂചനയായി തന്നെ വേണം കാണാൻ. കേരളം പിടിക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിൻ്റെ നീക്കത്തിൻ്റെ മിനിയേച്ചർ പതിപ്പാണ് മറ്റത്തൂരിൽ കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കാൻ ബിജെപി മടിക്കില്ലെന്ന് തീർച്ചയാണ്. നിന്ന നിൽപ്പിൽ ബിജെപിയായി മാറാൻ കോൺഗ്രസുകാർക്ക് മടിയുണ്ടാകാനും വഴിയില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ വോട്ട് ചെയ്യേണ്ടതുണ്ട് എന്നതിൻ്റെ സൂചനയായും മറ്റത്തൂർ മാറുന്നുണ്ട്.

Also Read:

കോൺഗ്രസ് ആയിരിക്കുമ്പോൾ തന്നെ ആശയപരമായി ആർഎസ്എസ് ആയിരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രം കർണ്ണാടകയിലും നമ്മൾ കാണുന്നുണ്ട്. സിദ്ധരാമയ്യ സർക്കാരിൻ്റെ ബുൾഡോസറുകൾ മുസ്‌ലിം വിഭാഗത്തിൻ്റെ വീടുകൾ ഒരു മുന്നറിയിപ്പുമില്ലാതെ തകർത്തത് കോൺഗ്രസ് നേതാക്കൾ എവിടെ നിൽക്കുന്നു എന്നതിൻ്റെ സൂചനയാണ്. യുപിയിൽ യോഗി ആദിത്യനാഥ് മുസ്‌ലിം വീടുകൾ ബുൾഡോസ് ചെയ്ത അനുഭവം ഒരു കോൺഗ്രസ് സർക്കാർ ആവർത്തിക്കുമ്പോൾ അതിലെ അപകടകരമായ സുചന നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികൾ തിരിച്ചറിഞ്ഞ് പോകണം. കർണ്ണാടക നിയമസഭയാൽ ആർഎസ്എസ് ഗണഗീതം പാടാൻ മടിക്കാത്ത ഡി കെ ശിവകുമാറാണ് കർണ്ണാടകയിലെ കോൺഗ്രസിൻ്റെ ഉപമുഖ്യമന്ത്രി എന്നതും ഈ ഘട്ടത്തിൽ മറക്കരുത്.

അനുകൂല സാഹചര്യം വന്നാൽ ബിജെപി ആകാൻ മടിക്കാത്ത ആശയപരമായി ആർഎസ്എസിനോട് കൂറ് പുലർത്തുന്ന നേതാക്കളുടെ കൂടാരമാണ് കോൺഗ്രസ് എന്നാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് മുഖമുള്ള ബിജെപിയെ മാത്രം കേരളത്തിലെ മതേതര വിശ്വാസികൾ ഭയന്നാൽ പോര മറിച്ച് കോൺഗ്രസ് പൊയ്മുഖമുള്ള ആർഎസ്എസുകാരെയും ഭയക്കേണ്ടതുണ്ട്. കോൺഗ്രസിലെ സംഘപരിവാർ സ്ലീപിങ്ങ് സെല്ലുകൾ നിയമസഭാ തെരത്തെടുപ്പ് കഴിയുന്നതോടെ ബിജെപിയിൽ ഉറങ്ങി എഴുന്നേൽക്കുമെന്ന് തീർച്ചയാണ്. ജാഗ്രത കൈമോശം വരാതെ ഇത്തരം സ്ലീപിങ്ങ് സെല്ലുകളെ കരുതിയിരിക്കുക പ്രതിരോധിക്കുക എന്നതും കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ ദൗത്യമാണ്. നമുക്ക് കരുതലോടെ ഇരിക്കാം.

Content Highlights: K Rafeeqe on mattathur congress bjp row

dot image
To advertise here,contact us
dot image