കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം

ഓഫീസ് അടിച്ച് തകര്‍ത്തത് കൂടാതെ പ്രചാരണ ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു

കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം
dot image

കണ്ണൂര്‍: കരിവെള്ളൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസ് അടിച്ച് തകര്‍ത്തത് കൂടാതെ പ്രചാരണ ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ജില്ലയിലെ തന്നെ എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദര്‍ശിനി കോണ്‍ഗ്രസ് ഭവന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു.

മേല്‍ക്കൂരയുടെ ഓടുകളും തകര്‍ത്തിട്ടുണ്ട്. ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ അക്രമി സംഘം മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ഫോട്ടോകള്‍ പുറത്തെറിഞ്ഞ് നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചുപൊളിച്ച് സമീപത്തെ തോട്ടിലേക്ക് തള്ളുകയും ചെയ്തു. കമ്പിപ്പാര ഉപയോഗിച്ചാണ് ഓഫീസിന്റെ ഷട്ടര്‍ തകര്‍ത്തിരിക്കുന്നത്.

അക്രമത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് തലശേരി ബ്ലോക്ക് പ്രസിഡന്റ് എം പി അരവിന്ദാക്ഷന്‍ പറഞ്ഞു. എരഞ്ഞോളി പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ചേനാടം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുശീല്‍ ചന്ദ്രോത്തും മഠത്തും ഭാഗം വാര്‍ഡില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് മനോജ് നാലാം കണ്ടത്തിലുമാണ് വിജയിച്ചത്. സിപിഐഎം വാര്‍ഡുകളാണ് ഇത്.

സംഭവവുമായി ബന്ധപ്പെട്ട് എരഞ്ഞോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും വാര്‍ഡ് മെംബറുമായ മനോജ് നാലാം കണ്ടത്തില്‍ ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ വൈകുന്നേരം നാലിന് മഠത്തും ഭാഗത്ത് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

Content Highlight; Congress Constituency Committee Office Vandalised in Karivellur

dot image
To advertise here,contact us
dot image