കോളറ ബാധ; കാരുണ്യ ഹോസ്റ്റൽ സന്ദർശിച്ച് ഡിഎംഒ, ജാഗ്രത നിർദ്ദേശം നൽകി നഗരസഭ

ഹോസ്റ്റലിൽ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്ന് നഗരസഭ
കോളറ ബാധ; കാരുണ്യ ഹോസ്റ്റൽ സന്ദർശിച്ച് ഡിഎംഒ, ജാഗ്രത നിർദ്ദേശം നൽകി നഗരസഭ

തിരുവനന്തപുരം: പത്ത് വയസ്സുകാരന് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഡിഎംഒ നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റൽ സന്ദർശിച്ചു. ഡോ. ബിന്ദു മോഹനും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും നെയ്യാറ്റിൻകര ശ്രീ കാരുണ്യ ഹോസ്റ്റലിൽ എത്തി പരിസരം നിരീക്ഷിച്ചു. ഈ ഹോസ്റ്റലിലെ 13 പേർ കോളറ ലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലാണ്. ഇതിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടർന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരത്തെ കോളറ ബാധയെ തുടർന്ന് പരിസരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയതായി നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജമോഹൻ. ഹോസ്റ്റലിൽ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ കോളറ ബാധിക്കാനുള്ള ഒരു സാഹചര്യവും ഹോസ്റ്റലിൽ ഇല്ലെന്ന് ശ്രീകാര്യം മിഷൻ ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ അനിത സുരേഷ്. വെള്ളം കൃത്യമായി പരിശോധിക്കാറുണ്ട്. ഹോസ്റ്റലിൽ ആകെയുള്ളത് 65 പേരാണ്. 13 പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. ഇതിൽ 12 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണെന്നും അവർ പറഞ്ഞു.

നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ 26 വയസ്സുകാരൻ അനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുവിന് ശർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനു മരിച്ചത്. അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാൻ സാധിക്കാതിരുന്നതിനാൽ മരണം കോളറ മൂലമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോർട്ട് നൽകി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com