
തിരുവനന്തപുരം: വൻതട്ടിപ്പ് നടത്തിയ വി സി പ്രവീണിനെ സ്കൂളുകളുടെ മാനേജർ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. റിപ്പോർട്ടർ ടി വി പുറത്ത് വിട്ട വാർത്താ പരമ്പരയെ തുടർന്നാണ് നടപടി. തൃശ്ശൂർ ജില്ലയിലെ കൂരിക്കുഴി, മച്ചാട്, പള്ളിക്കൽ സ്കൂളുകളുടെ മാനേജർ ആയിരുന്നു വി സി പ്രവീൺ. ഈ സ്കൂളുകൾ ഇനി സർക്കാർ ഏറ്റെടുക്കും. പ്രവീൺ ഗുരുതര ചട്ടലംഘനം ചെയ്ത തട്ടിപ്പുകാരൻ എന്ന് ഉത്തരവിൽ പരാമർശമുണ്ട്. തൃശ്ശൂർ ഡിഡിഇ യാണ് ഉത്തരവിറക്കിയത്. റിപ്പോർട്ടർ വാർത്ത പരാമർശിച്ചാണ് ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. റിപ്പോർട്ടർ എസ്ഐടി എയ്ഡഡ് കൊള്ള എന്ന പരമ്പരയിലൂടെയായിരുന്നു വി സി പ്രവീണിൻ്റെ തട്ടിപ്പുകൾ തുറന്ന് കാണിച്ചത്.
114 അധ്യാപകരെ വി സി പ്രവീൺ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചിരുന്നു. ഇവർക്ക് വാങ്ങിയ പണമോ ജോലി ചെയ്ത കൂലിയോ കൊടുത്തിരുന്നില്ല. സ്കൂളിൽ പഠിക്കാത്ത 221കുട്ടികൾ ഉണ്ടെന്ന് കാണിച്ച് സർക്കാരിൻ്റെ ലക്ഷകണക്കിന് രൂപ വി സി പ്രവീൺ തട്ടിയെടുത്തിരുന്നു. അനധികൃത അവധിയെടുത്ത് ചട്ടം ലംഘിച്ചാണ് വി സി പ്രവീൺ സ്കൂളുകൾ വാങ്ങിയത്. പ്രവീൺ നടത്തിയ തട്ടിപ്പുകൾ ഒരോന്നായി റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. വിദേശത്ത് പോകാനെന്ന പേരിൽ അവധിയെടുത്തിട്ടും വിദേശത്ത് പോകാതെയായിരുന്നു പ്രവീൺ തട്ടിപ്പുകൾ നടത്തിയത്. 2019 ജനുവരി 16 ന് തിരിച്ച് ജോലിയിൽ കയറേണ്ടതായിരുന്നു. എന്നാൽ പ്രവീൺ അനധികൃത അവധിയിൽ തുടരുകയായിരുന്നു. വി സി പ്രവീൺ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് വിജിലൻസും കണ്ടെത്തിയിരുന്നു.
വാർത്ത പുറത്തുവന്നതോടെ വി സി പ്രവീണിൻ്റെ തട്ടിപ്പുകൾക്കെതിരെ പരാതികളുടെ പ്രളയമായിരുന്നു. കൈപ്പമംഗലം,വലപ്പാട് പോലീസ് സ്റ്റേഷനുകളിൽ ആയി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. വി സി പ്രവീണിനെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ടറിനോട് ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തു. വലിയ സാമ്പത്തിക തട്ടിപ്പാണ് പ്രവീൺ നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വി സി പ്രവീൺ എസ്എസ്എൽസി തോറ്റ ആളാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.