കുസാറ്റിൽ പഠിക്കാൻ അപേക്ഷയുമായി ആയിരത്തിലേറെ വിദേശ വിദ്യാർത്ഥികൾ

ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നൽകുന്ന സ്കോളർഷിപ്പിനാണ് ഭൂരിഭാഗം വിദേശ വിദ്യാർത്ഥികളും അപേക്ഷിക്കുന്നത്.
കുസാറ്റിൽ പഠിക്കാൻ അപേക്ഷയുമായി  ആയിരത്തിലേറെ വിദേശ വിദ്യാർത്ഥികൾ

കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശസ്തി ശക്തിപ്പെടുന്നുവെന്ന് സൂചിപ്പിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഇത്തവണ ലഭിച്ചത് ആയിരത്തിലേറെ വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകൾ. 2024 - 25 അക്കാദമിക വർഷത്തേക്ക് 1590 വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകളാണ് കുസാറ്റിൽ ലഭിച്ചിരിക്കുന്നത്. 2021 മുതൽ കുസാറ്റിൽ വിവിധ പ്രോഗ്രാമുകളിലായി വിദേശവിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആ‌ർ) നൽകുന്ന സ്കോളർഷിപ്പിനാണ് ഭൂരിഭാഗം വിദേശ വിദ്യാർത്ഥികളും അപേക്ഷിക്കുന്നത്. ഈ സ്കോളർഷിപ്പ് ലഭിച്ചാൽ സൗജന്യ വിദ്യാഭ്യാസവും ക്യാപസിൽ സൗജന്യ താമസവും ലഭിക്കും.

ഐസിസിആ‌‍ർ വഴി, 2021 ൽ കുസാറ്റിൽ 603 അപേക്ഷകൾ ലഭിച്ചു. 2022 ൽ ഇത് 800 ആയി, 2023 ൽ 1100 ആയും ഉയർന്നു. ഐസിസിആ‌ർ വഴി 1410 അപേക്ഷകൾ ഇത്തവണ ലഭിച്ചു. സ്റ്റഡി ഇൻ ഇന്ത്യ (എസ്ഐഐ) പ്രോ​ഗ്രാം വഴി 180 അപേക്ഷകളും ലഭിച്ചതോടെ ഇത്തവണ ആകെ ലഭിച്ച വിദേശ അപേക്ഷകൾ 1590 ആയി.

40 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ ഇത്തവണ ലഭിച്ചിട്ടുണ്ട്. ഇതിൽ കെനിയ, ഇറാഖ്, എത്യോപ്യ, ബോസ്വാന, സിറിയ എന്നീ രാജ്യങ്ങളും ഉൾപ്പെടും. ബിടെക് കംപ്യൂട്ട‍ർ സയൻസ് ആണ് വിദേശ വിദ്യാ‍ർത്ഥികൾക്ക് ഏറ്റവും താത്പര്യമുള്ള വിഷയം. എസ്ഐഐ വഴി എത്തിയ 180 അപേക്ഷകളിൽ 80 എണ്ണവും ഈ കോഴ്സിലേക്കാണ്. ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള അപേക്ഷകളും ലഭിക്കുന്നത് രാജ്യത്തെ വി​ദ്യാഭ്യാസ സമ്പ്രദായത്തിന് ലഭിക്കുന്ന അം​ഗീകാരമായാണ് വിലയിരുത്തുന്നത്. നിലവിൽ അമേരിക്ക, മാലിദ്വീപ്, പോളണ്ട്, അയ‍ർലണ്ട്, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാ‍ർത്ഥികൾ കുസാറ്റിൽ പഠിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com