
കണ്ണൂര്: കള്ളക്കടത്ത് ക്വട്ടേഷന് മാഫിയ സംഘങ്ങളില് നിന്നു കമ്മീഷന് വാങ്ങി ജീവിക്കുന്ന എം ഷാജര് യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് തുടരാന് അര്ഹനല്ലെന്ന് കെഎസ്യു സംസ്ഥാന ജനറല് സെക്രട്ടറി ഫര്ഹാന് മുണ്ടേരി. സിപിഐഎം കണ്ണൂര് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഷാജറിനെതിരെ ഗുരുതര ആരോപണമാണ് പാര്ട്ടിയില് നിന്ന് പുറത്തായ മനു തോമസ് ഉന്നയിച്ചിരിക്കുന്നത്. പാര്ട്ടിയിലെ ചിലര്ക്ക് ക്വട്ടേഷന് സംഘവുമായി ബന്ധമുണ്ടെന്നുകാണിച്ച് മനു തോമസിന്റെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്ശിക്കുന്നില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്, ആരോപണ വിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന് എം വി ജയരാജന് തയ്യാറാകണം. ഷാജറിനെ കൂടാതെ സ്വര്ണക്കടത്ത് -ക്വട്ടേഷന് സംഘങ്ങളുമായി പാര്ട്ടിക്കുതന്നെ പങ്കുള്ളതുകൊണ്ടാണോ ഷാജറിന്റെ പേര് ജയരാജന് വെളിപ്പെടുത്താത്തതെന്നും ഫര്ഹാന് ചോദിച്ചു.
വസ്തുതകള് നിറഞ്ഞ മനു തോമസിന്റെ പരാതി പൂഴ്ത്തിയതിലൂടെ തിരുത്തലുകള്ക്ക് തയ്യാറല്ല എന്നാണ് കണ്ണൂരിലെ മാര്ക്സിസ്റ്റ് പാര്ട്ടി വീണ്ടും പറഞ്ഞു വെയ്ക്കുന്നതെന്നും ഫര്ഹാന് മുണ്ടേരി പ്രസ്താവനയിലൂടെ അറിയിച്ചു. സ്വര്ണ്ണക്കടത്ത്, ക്വട്ടേഷന് സംഘങ്ങള്ക്ക് ഒത്താശ ചെയ്തു കമ്മീഷന് അടിക്കുന്നയാളാണ് എം ഷാജറെന്നായിരുന്നു മനു തോമസിന്റെ ആരോപണം. ഷാജറിന്റ പങ്കില് അന്വേഷണം നടത്തി വസ്തുതകള് പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോണ്ഗ്രസ് കണ്ണൂര് ജില്ലാ പ്രസിഡന്റ് വിജില് മോഹനന് ആവശ്യപ്പെട്ടിരുന്നു. മനു തോമസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തിയത്.
ഇതിനുപുറമെ കണ്ണൂര് പാര്ട്ടിക്കകത്ത് സ്വര്ണ്ണക്കടത്തും വന് സാമ്പത്തിക ഇടപാടും മാഫിയ പ്രവര്ത്തനുമാണ് നടക്കുന്നതെന്നും മനു തോമസ് 'റിപ്പോര്ട്ടറി'നോട് പറഞ്ഞിരുന്നു. 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' എന്ന ചര്ച്ചക്കിടെയായിരുന്നു മനു തോമസിന്റെ പ്രതികരണം. പാര്ട്ടികത്തെ ശരിയല്ലാത്ത കാര്യങ്ങള് എതിര്ക്കുക മാത്രമാണ് താന് ചെയ്തതെന്നും ഇതിന് ഉത്തരം പറയേണ്ടത് പി ജയരാജനും കണ്ണൂര് ജില്ലാ നേതൃത്വവുമാണെന്നും മനു തോമസ് വ്യക്തമാക്കിയിരുന്നു.
'ടിപിയെ വധിച്ചതുപോലെ തീര്ത്തുകളയാമെന്ന് കരുതേണ്ട'; മനു തോമസിന് സംരക്ഷണം നല്കും; കെ സുധാകരന്പാര്ട്ടിയിലായിരുന്നപ്പോള് ചില കാര്യങ്ങളില് നിശബ്ദനായി നില്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്, ഇപ്പോള് എന്റെ ആരോപണം വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലല്ല. തുറന്നു പറച്ചിലിന്റെ പേരില് തനിക്ക് ഭീഷണി കോള് വന്നിട്ടുണ്ട്. ഭീഷണി സന്ദേശവും. വിദേശത്തുനിന്നുപോലും ഭീഷണി കോളും സന്ദേശവും വന്നു. എന്നാല്, ഈ കാലഘട്ടത്തില് ഉണ്ടാകുന്ന ശരിയല്ലാത്ത കാര്യങ്ങള് എതിര്ക്കുക മാത്രമാണ് ഞാന് ചെയ്തത്. എന്റെ അഭിപ്രായ പ്രകടനം പാര്ട്ടി സംഘടനയെ നന്നാക്കാന് വേണ്ടിയാണ്. കണ്ണൂര് ജില്ലാ പാര്ട്ടിക്കകത്ത് വലിയ നിശബ്ദത ഉണ്ടായി. അതു പേടിയുടേതാണോ എന്ന് സംശയിക്കേണ്ടിവരും. ഈ കാലഘട്ടത്തിലാണ് പാര്ട്ടിയില് വൈകൃതങ്ങളെല്ലാം സംഭവിച്ചതെന്നും മനു തോമസ് പറഞ്ഞു.