'ജയരാജന്റെ മക്കള്‍ പാടത്ത് കൂലിപ്പണി എടുത്ത് ജീവിക്കുന്നു, ഒന്നാംതരം കമ്മ്യൂണിസ്റ്റുകാർ'; ഹസ്‌കര്‍

പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്‍ക്കാന്‍ വരുന്നതെന്ന ചോദ്യവുമായി മനു തോമസും രംഗത്തെത്തി.
'ജയരാജന്റെ മക്കള്‍ പാടത്ത് കൂലിപ്പണി എടുത്ത് ജീവിക്കുന്നു, ഒന്നാംതരം കമ്മ്യൂണിസ്റ്റുകാർ';  ഹസ്‌കര്‍

കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകനെതിരായ ആരോപണത്തെ പ്രതിരോധിച്ച് ഇടതുനിരീക്ഷകന്‍ അഡ്വ. ബി എന്‍ ഹസ്‌കര്‍. പി ജയരാജന്റെ മകന്‍ സ്വര്‍ണ്ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണെന്ന സിപിഐഎം മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടി വിയിലെ 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' എന്ന ചര്‍ച്ചയിലായിരുന്നു ഹസ്‌കറിന്റെ പ്രതികരണം. പി ജയരാജന്റെ മക്കള്‍ക്ക് ദുബൈയില്‍ എന്താണ് ജോലിയെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണം എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടതോടെ 'പി ജയരാജന്റെ മക്കള്‍ പാടത്ത് കൂലിപ്പണി എടുത്ത് ജീവിക്കുന്നവരാണ്. ശത്രുക്കള്‍ പോലും ഇത്തരം ആരോപണം ഉന്നയിക്കില്ല' എന്നും ഹസ്‌കര്‍ പറഞ്ഞു.

'പി ജയരാജന്റെ മക്കള്‍ കണ്ണൂരിലും പരിസരത്തും എന്ത് ജോലി ചെയ്തിരുന്നുവെന്നത് നാട്ടുകാര്‍ക്ക് മൊത്തം അറിയാം. പി ജയരാജനെ തറപറ്റിക്കാനാണ് ആരോപണങ്ങള്‍. ജയരാജന്റെ മക്കള്‍ ഓട്ടോ ഓടിച്ചും കൂലിപണിയെടുത്തും ജീവിച്ചതാണ്. കൊവിഡിന് ശേഷം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി പാടത്തും പറമ്പിലും പണിയെടുത്ത് ഒന്നാം തരം കമ്മ്യുണിസ്റ്റുകാരായി ജീവിക്കുന്നവരാണ്. ശത്രുക്കള്‍ പോലും പറയാത്ത കാര്യമാണ് ഉന്നയിക്കുന്നത്.' ഹസ്‌കര്‍ പറഞ്ഞു.

അനുഭാവി നല്‍കുന്ന പരാതി പോലും ഗൗരവത്തോടെ പരിശോധിക്കുന്നതാണ് സിപിഐഎം ശൈലി. മനുതോമസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഹസ്‌കര്‍ പറഞ്ഞു.

പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്‍ക്കാന്‍ വരുന്നതെന്ന ചോദ്യവുമായി മനു തോമസും രംഗത്തെത്തി. ഇതിന് ജയരാജന്‍ മറുപടി പറയണമെന്നും വേറെ ഏതെങ്കിലും നേതാക്കളുടെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ലെന്നും മനു തോമസ് പറഞ്ഞു.

ഇതെല്ലാം സമൂഹം കാണുന്നുണ്ട്. ഇതെല്ലാം പാര്‍ട്ടിയുടെ വിപ്ലവ പ്രവര്‍ത്തനത്തില്‍ നിന്നുണ്ടായതല്ല. ഇതെല്ലാം വൈകൃതങ്ങളില്‍ നിന്നുണ്ടായതാണ്. ടി പി കേസ് പ്രതികളും ഈ ക്വട്ടേഷന്‍ നേതാക്കളും ജയരാജനും തമ്മിലുള്ള ബന്ധമെന്താണ്. ഈ വൈകൃതം പ്രത്യേക കാലഘട്ടത്തില്‍ നടന്നതാണ്. പി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ സംഭവിച്ചതാണ്. അത് കണ്ണൂരിലേയും കേരളത്തിലേയും പ്രത്യേകിച്ചും മലബാറിലെയും പാര്‍ട്ടിക്ക് കൂടുതല്‍ ഡാമേജുണ്ടാക്കി. താനടക്കം ഉന്നയിക്കുന്ന പല ആരോപണങ്ങളിലും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി കാര്യങ്ങളിലും മറുപടി പറയുന്നത് ഈ ക്വട്ടേഷന്‍ ടീമുകളാണ്. ഇതിന് നേതൃത്വം മറുപടി പറയണമെന്നുമാണ് മനു തോമസിന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com