യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കാറിനുള്ളിൽ; വീട്ടിൽ നിന്ന് പോയത് ലക്ഷങ്ങളുമായി

ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയെന്നാണ് വീട്ടുകാർ പറയുന്നത്.
യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കാറിനുള്ളിൽ; വീട്ടിൽ നിന്ന് പോയത് ലക്ഷങ്ങളുമായി

തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മലയൻകീഴ് സ്വദേശി ദീപുവാണു (44) മരിച്ചതെന്നു പൊലീസ് പറഞ്ഞു.

തമിഴ്നാട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. സീറ്റ് ബെൽറ്റ് ധരിച്ച നിലയിലായിരുന്നു. കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. രാത്രി 11.45ന് വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു കണ്ട് നാട്ടുകാർ പട്രോളിങ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയെന്നാണ് വീട്ടുകാർ പറയുന്നത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഒറ്റാമരത്ത് കാർ നിർത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനിൽക്കുകയായിരുന്നു എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ആരോ വാഹനത്തിൽ കയറി കൊലപാതകം നടത്തിയെന്നാണ് കരുതുന്നത്.

മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com