ഡിപിആര്‍ കണ്ടിട്ടില്ല, എഞ്ചിനീയറുമല്ല; സിപിഐഎമ്മിനെ സംരക്ഷിച്ച് കെ കെ ശ്രീധരന്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ കെ ശ്രീധരന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തില്‍ ആകുമായിരുന്നു.
ഡിപിആര്‍ കണ്ടിട്ടില്ല, എഞ്ചിനീയറുമല്ല; സിപിഐഎമ്മിനെ സംരക്ഷിച്ച് കെ കെ ശ്രീധരന്‍

പത്തനംതിട്ട: കൊടുമണ്‍ ഓട വിഷയത്തില്‍ നിലപാടില്‍ അയവ് വരുത്തി സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ കെ ശ്രീധരന്‍. റോഡ് നിര്‍മ്മാണത്തിന്റെ ഡിപിആര്‍ താന്‍ കണ്ടിട്ടില്ലെന്നും താന്‍ എന്‍ജിനീയര്‍ അല്ലെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ കെ ശ്രീധരന്‍ പറഞ്ഞു. ഓട അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ടു എന്ന് നേരത്തെ കെ കെ ശ്രീധരന്‍ ആരോപിച്ചിരുന്നു. സിപിഐഎം ജില്ലാകമ്മിറ്റി അംഗം കൂടിയായ കെ കെ ശ്രീധരന്റെ പ്രസ്താവന സിപിഐഎം നേതൃത്വത്തെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയ വിശദീകരണയോഗം വിളിക്കാന്‍ സിപിഐഎം നിര്‍ബന്ധിതരായത്.

കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ കെ ശ്രീധരനും പങ്കെടുത്തിരുന്നു. ഏത് സാഹചര്യത്തിലാണ് കെ കെ ശ്രീധരന്റെ പ്രസ്താവന എന്ന് ഗൗരവമായി അന്വേഷിക്കുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരത്തേ വ്യക്തമാക്കിയത്. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ കെ ശ്രീധരന്‍ നിലപാട് ആവര്‍ത്തിക്കുമോ എന്ന ആശങ്ക സിപിഐഎം നേതൃത്വത്തിന് ഉണ്ടായിരുന്നു. പക്ഷേ പാര്‍ട്ടിക്ക് വിധേയമായാണ് കെ കെ ശ്രീധരന്‍ പ്രസംഗിച്ചത്. ജോര്‍ജ് ജോസഫിന്റെ പേര് പ്രസംഗത്തില്‍ ഒരിടത്തും കെ കെ ശ്രീധരന്‍ പറഞ്ഞില്ല. റോഡ് നിര്‍മ്മാണത്തിന്റെ ഡിപിആര്‍ താന്‍ നോക്കിയിട്ടില്ലെന്നും താന്‍ എഞ്ചിനീയര്‍ അല്ലെന്നും കെ കെ ശ്രീധരന്‍ പറഞ്ഞു

എവിടെ പുറമ്പോക്ക് ഭൂമി ഉണ്ടോ അവിടെയെല്ലാം അളന്നു തിട്ടപ്പെടുത്തണം. കയ്യേറ്റം ആര് നടത്തിയാലും അളന്ന് തിട്ടപ്പെടുത്തി ഭൂമി തിരിച്ചെടുക്കണമെന്നും കെ കെ ശ്രീധരന്‍ പറഞ്ഞു. റോഡ് ഓട വിഷയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി പര്‍വ്വതീകരിക്കുകയാണെന്നും സിപിഐഎമ്മിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ കെ ശ്രീധരന്‍ വ്യക്തമാക്കി. കെ കെ ശ്രീധരന്റെ പാര്‍ട്ടി അനുകൂല പ്രസ്താവന പാർട്ടിക്ക് പിടിവള്ളിയായിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ കെ ശ്രീധരന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തില്‍ ആകുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com