പുറമ്പോക്കിലെന്ന് കണ്ടെത്തിയാല്‍ കോണ്‍ഗ്രസ് ഓഫീസ് പൊളിക്കും, കള്ളമ്മാർ ആരെന്ന് തെളിയട്ടെ; സിപിഐഎം

കൊടുമണ്ണിലെ സിപിഐഎം ഓഫീസ് പുറമ്പോക്കിലല്ലെന്നും സ്ഥലം അളന്നു കഴിയുമ്പോള്‍ കള്ളന്മാര്‍ ആരെന്ന് തെളിയുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി
പുറമ്പോക്കിലെന്ന് കണ്ടെത്തിയാല്‍ കോണ്‍ഗ്രസ് ഓഫീസ് പൊളിക്കും, കള്ളമ്മാർ ആരെന്ന് തെളിയട്ടെ; സിപിഐഎം

പത്തനംതിട്ട: കൊടുമണ്‍ ഓട അലൈന്‍മെന്റ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കൊടുമണ്ണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്യോഗസ്ഥര്‍ അളക്കുമെന്നും പുറമ്പോക്കിലെന്ന് കണ്ടെത്തിയാല്‍ പൊളിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കൊടുമണ്ണിലെ സിപിഐഎം ഓഫീസ് പുറമ്പോക്കിലല്ലെന്നും സ്ഥലം അളന്നു കഴിയുമ്പോള്‍ കള്ളന്മാര്‍ ആരെന്ന് തെളിയുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കൊടുമണ്ണില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

പത്തനംതിട്ട കൈപ്പട്ടൂര്‍ ഏഴംകുളം റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ടു എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ കെ ശ്രീധരനും ജോര്‍ജ് ജോസഫിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം കൊടുമണ്ണില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തിയത്. കൊടുമണ്ണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നില്‍ റോഡിന്റെ വീതി 15 മീറ്റര്‍ മാത്രമാണെന്നും റവന്യൂ രേഖകളില്‍ 23 മീറ്ററാണെന്നും കയ്യേറ്റം നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ കോണ്‍ഗ്രസ് ഓഫീസ് പൊളിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി.

ഓട അലൈന്‍മെന്റില്‍ സിപിഐഎം ഇടപെട്ടിട്ടില്ല. സിപിഐഎമ്മിന്റെ പണിയല്ല റോഡിന്റെ വീതി കുറയ്ക്കുന്നത്. ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നില്‍ റോഡിന് അലൈന്‍മെന്റ് പ്രകാരം ഉള്ള 12 മീറ്റര്‍ വീതി ഉണ്ട്. കൊടുമണ്ണിലെ സിപിഐഎം ഓഫീസ് പുറമ്പോക്കില്‍ എന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രമാണം ഉണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ സ്ഥലം അളന്നതിനെ സിപിഐഎം അനുകൂലിക്കുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയപരമായി പ്രതിരോധിക്കാന്‍ തന്നെയാണ് സിപിഐഎം തീരുമാനം.രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ കെ ശ്രീധരനെ പങ്കെടുപ്പിക്കാനും സിപിഐഎം നേതൃത്വത്തിന് കഴിഞ്ഞു. നേരത്തെ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഓട അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച കെ കെ ശ്രീധരന്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായാണ് പ്രസംഗിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com