'ഗൂഗിള്‍ നോക്കി കമന്ററി പറയുന്നവന്‍';ശ്രീജിത്ത്പണിക്കര്‍ക്കെതിരെ സുരേന്ദ്രന് പിന്നാലെ സംസ്ഥാന ബിജെപി

ഇന്ന് ബിജെപിയുടെ വിവിധ സംസ്ഥാന നേതാക്കളാണ് ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
'ഗൂഗിള്‍ നോക്കി കമന്ററി പറയുന്നവന്‍';ശ്രീജിത്ത്പണിക്കര്‍ക്കെതിരെ സുരേന്ദ്രന് പിന്നാലെ സംസ്ഥാന ബിജെപി

തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിദ്ധ്യവുമായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ കെ സുരേന്ദ്രന് പിന്നാലെ സംസ്ഥാന ബിജെപി. ഇന്ന് ബിജെപിയുടെ വിവിധ സംസ്ഥാന നേതാക്കളാണ് ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സുരേന്ദ്രന്‍ ആദ്യം വാക്‌പോരിന് തുടക്കമിട്ടത്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് സുരേന്ദ്രനെ ദേഷ്യം പിടിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ 'കള്ളപ്പണിക്കന്‍മാര്‍' എന്ന പ്രയോഗമാണ് സുധാകരന്‍ നടത്തിയത്. ഇതിനോട് പ്രതികരിച്ച് ചെറിയ ഉള്ളിയുടെ ചിത്രം സഹിതം ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രംഗത്തെത്തിയത്.

രാഷ്ട്രീയ നിരീക്ഷകന് അഭിപ്രായം പറയാന്‍ അതിരുകളില്ലെന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ത് തോന്നിവസവും വിളിച്ചു പറയാനുള്ള ലൈസന്‍സാണെന്ന് കരുതരുതെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ചാനല്‍ മുറിയില്‍ ഇരുന്ന് ഇലക്ഷന് തൊട്ട് മുന്നെ വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകണ്ട.സുരേഷ് ഗോപിയെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന ചില മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു എന്ന കേസുപോലും ഉണ്ടാക്കിയത്... എന്ത് കൊണ്ട് വന്നാലും അതിനെയൊക്കെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിച്ചത് കൊണ്ട് തന്നെയാണ് കേരളത്തില്‍ ശ്രീ കെ സുരേന്ദ്രന്‍ജിയുടെ നേതൃത്വത്തില്‍ ഈ ഉജജ്വല വിജയം ഞങ്ങള്‍ക്ക് ഉണ്ടായതും.കൊടകരയെന്നും, നിയമനമെന്നും പറഞ്ഞ് അക്രമിക്കാന്‍ വട്ടം കൂടിയവരില്‍ നിക്ഷ്പക്ഷ മുഖമൂടിയിട്ട നിരീക്ഷകരും ഉണ്ടായിരുന്നു... ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലതെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ വൈകരുത് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീറിന്റെ പ്രതികരണം. ശ്രീജിത് പണിക്കര്‍ക്കെന്താ ഉള്ളതു പറയുമ്പോള്‍ പൊള്ളുന്നത് ..എവിടെയാണ് പണിക്കരേ വയനാട്ടില്‍ ഗണപതിവട്ടം ചര്‍ച്ച ഉയര്‍ത്തിയതു കൊണ്ട് ബിജെപിയ്ക്ക് വോട്ട് കുറഞ്ഞത് ...തൃശൂരോ , തിരുവനന്തപുരത്തോ , ആറ്റിങ്ങലോ , ആലപ്പുഴയിലോ , പാലക്കാടോ എവിടെയാണ് ? ... ഇവിടെയെല്ലാം പാര്‍ട്ടി നടത്തിയത് ഉജ്ജ്വല മുന്നേറ്റമാണ് .. ഇങ്ങനെയുള്ള കുത്തിത്തിരിപ്പ് നിരീക്ഷണങ്ങള്‍ ഇറക്കി വിടുമ്പോള്‍ കുറച്ചുകൂടി ശ്രദ്ദിക്കേണ്ടേ അമ്പാനേ ...പിന്നെ താങ്കള്‍ എഫ്ബി യില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ..താങ്കളുടെ നിലവാരം താങ്കള്‍ കാണിച്ചു . അത്രേയുള്ളു . അത് വായിച്ചപ്പോള്‍ തോന്നിയത് താങ്കളാണ് എല്ലാം ചെയ്യുന്നത് , താങ്കളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്നാണ് .. പരാജയപ്പെടുത്താന്‍ ഇടതും വലതും ഒരുമിച്ച് ശ്രമിച്ചിട്ടും കേവലം 89 വോട്ടിന് തോറ്റ ജനകീയനാണ് കെ. സുരേന്ദ്രന്‍ , അടുത്ത തെരഞ്ഞടുപ്പില്‍ 700 ല്‍ താഴെ വോട്ടിനാണ് അദ്ദേഹം തോറ്റത് .. ഇതെല്ലാം കണക്കുകളാണ് കെ എസിന്റെ ജനപിന്തുണ താങ്കളുടെ കുത്തിത്തിരിപ്പ് നിരീക്ഷണത്തില്‍ കാണില്ല . പിന്നെ എട്ടുകാലി മമ്മൂഞ്ഞാണ് പോലും .. സ്ഥാനാര്‍ത്ഥികളുടെ മികവിനൊപ്പം തന്നെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സംസ്ഥാന / ജില്ല / പഞ്ചായത്ത് / ബൂത്ത് തല പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗനിര്‍ഭരമായ കഠിന പരിശ്രമത്തിന്റെ ഫലം കൂടിയാണ് പാര്‍ട്ടി നേടിയ ഉജ്വലമായ മുന്നേറ്റം ..അത് മനസിലാക്കണമെങ്കില്‍ പണിക്കര്‍ ഒരു ദിവസമെങ്കിലും , സ്വന്തം വീടിനെയും , കുടുംബത്തേയും, തൊഴിലിനേയും മാറ്റി വച്ച് സഹ ജീവികള്‍ക്കും , സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനിറങ്ങണം ... എന്നും സുധീര്‍ പറഞ്ഞു.

ഗൂഗിളില്‍ നോക്കി കമന്ററി പറയുന്നവനാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഗ്രൗണ്ടിലെ യാഥാര്‍ത്ഥ്യം പണിക്കരുടെ കമന്ററിയില്‍ പറഞ്ഞതല്ല. പണിക്കരെ ഗണപതിവട്ടത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി വോട്ടാക്കി മാറ്റി. 17000 ഉണ്ടായിരുന്നത് 18000 കൂട്ടി 20 ദിവസം കൊണ്ട് 35000 ആക്കിയിട്ടുണ്ട്. ആനിരാജയും സുരേന്ദ്രനും തമ്മില്‍ 4000 വോട്ടിന്റെ വ്യത്യാസം മാത്രം. ഗണപതിവട്ടത്ത് ആകെ 216 ബൂത്തുള്ളതില്‍ 8 എണ്ണത്തില്‍ രാഹുല്‍ജിയെ പിന്തള്ളി ഒന്നാമത്, ഗണപതിവട്ടത്തെ 89 ബൂത്തുകളില്‍ ആനി രാജയെ പിന്തള്ളി രണ്ടാമതായത് അങ്ങ് പരിഹസിച്ച ഗണപതിവട്ടം ജിയാണ്. രണ്ട് പഞ്ചായത്തില്‍ ( പുല്‍പ്പള്ളി, പൂതാടി ) രണ്ടാമത്. വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ചതിന് ശേഷം 20 ദിവസം തികച്ചില്ലാതെ 6% വോട്ട് 13% വോട്ടാക്കി മാറ്റി. അതായത് പണിക്കരെ രാഹുല്‍ജിയുടെ ഭൂരിപക്ഷത്തില്‍ നിന്ന് 65000 കുറച്ചത് ഗ്രൗണ്ട് മുഴുവന്‍ ഓടി നടന്ന് കളിച്ച സുരേന്ദ്രന്‍ജിയാണ്. പണിക്കര്‍ ജി ക്ക് പരിഹാസമാവാം കാരണം നിങ്ങള്‍ ഗ്രൗണ്ടിന്റെ വലുപ്പമറിയാതെ , കളിക്കാരെ കുറിച്ച് അറിയാതെ ഗൂഗിളില്‍ നോക്കി കമന്ററി പറയുന്നയാളാണ്. ഗൂഗിളില്‍ നോക്കാന്‍ അറിയാത്ത പലരും അങ്ങയുടെ കമന്ററി കേട്ട് തുള്ളിച്ചാടും.ഗണപതിവട്ടം ജി എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രന്‍ജിക്ക് പൊന്‍തൂവലാണ്. കണക്ക് നോക്കിയാ മനസിലാവും ഗണപതി വട്ടത്ത് 18000 വോട്ടര്‍മാരും , വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പുതിയ 62000 പേരും , പഴയ 78000 പേരും ചേര്‍ന്ന് ഒരു ലക്ഷത്തി നാല്പത്തി ഒന്നായിരം വോട്ടര്‍മാര്‍ക്ക് ഗണപതിവട്ടം നന്നായി പിടിച്ചിട്ടുണ്ടെന്നും പ്രശാന്ത് കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com