'പഠിച്ച'കള്ളന്മാർ; മോഷ്ടിച്ച ആഡംബര ബൈക്കുകൾ വിൽക്കാൻ സ്വന്തം ഷോറൂം,പിടിയിലായത് ഉദ്ഘാടനത്തിന് മുമ്പ്

മോഷ്ടിച്ച് കൊണ്ടുവരുന്ന ബൈക്കുകൾ സ്പെയർ പാർട്സ് ആക്കി സൂക്ഷിക്കുകയും വില്പന നടത്തുകയുമായിരുന്നു യഥാർത്ഥ ലക്ഷ്യം

'പഠിച്ച'കള്ളന്മാർ; മോഷ്ടിച്ച ആഡംബര ബൈക്കുകൾ വിൽക്കാൻ സ്വന്തം ഷോറൂം,പിടിയിലായത് ഉദ്ഘാടനത്തിന്  മുമ്പ്
dot image

കൊച്ചി: 'കാറിൽ സഞ്ചരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വില കൂടിയ ആഡംബര ബൈക്കുകൾ മോഷ്ടിക്കും. മോഷ്ടിച്ച് കഴിഞ്ഞാൽ പരമാവധി മൂന്ന് മണിക്കൂർ, പൊളിച്ച് പീസ് പീസാക്കും. പിന്നീട് സ്പെയർ പാർട്സ് ആക്കി വിൽപ്പന നടത്തും'. കൊച്ചി സിറ്റി പോലീസ് പിടികൂടിയ പത്തനംതിട്ട സ്വദേശികളായ നാലംഗ സംഘത്തിന്റെ മോഷണ രീതി പോലീസിനെ പോലും ഞെട്ടിച്ചു. തിരുവല്ല സ്വദേശികളായ അഖിൽ, ജോൺസ്, കുന്നന്താനം സ്വദേശി നിരഞ്ജൻ, മാമൂട് സ്വദേശി മനു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ബിസിഎയും ഐടിഐയും പഠിച്ച സംഘം പുതിയ സംരംഭം തുടങ്ങിയതാണ്. പത്തനംതിട്ട കുമ്പനാട്ട് ഗ്രാഫിക്സ് എന്ന പേരിൽ ഒരു സ്ഥാപനം. വാഹനങ്ങൾ പെയിന്റടിച്ച് സ്റ്റിക്കർ വർക്ക് ചെയ്ത് കൊടുക്കാൻ എന്ന പേരിലാണ് ഷോറൂം. മോഷ്ടിച്ച് കൊണ്ടുവരുന്ന ബൈക്കുകൾ സ്പെയർ പാർട്സ് ആക്കി സൂക്ഷിക്കുകയും വില്പന നടത്തുകയുമായിരുന്നു യഥാർത്ഥ ലക്ഷ്യം. ഉദ്ഘാടനത്തിന് മുമ്പ് വിൽക്കാനുള്ള സ്പെയർ പാർട്സ് സംഘടിപ്പിക്കാനുള്ള നീക്കമായിരുന്നു പിന്നീട് നടത്തിയത്.

പന്തീരാങ്കാവ് കേസിൽ കുറ്റപത്രം അഞ്ച് ദിവസത്തിനകം; പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും

സംഘം പണി തുടങ്ങിയിട്ട് ഒന്നരമാസമായി. വൈകുന്നേരം ഒരു സ്വിഫ്റ്റ് കാറിൽ കറങ്ങാൻ ഇറങ്ങും. മിക്കവാറും കൊച്ചിയിലേക്കാണ് യാത്ര. തിരക്കുള്ള സ്ഥലങ്ങൾ ആണ് തിരഞ്ഞെടുക്കുക. കൊച്ചിയിലെ പനമ്പള്ളി നഗറിൽ നിന്ന് പ്രതികൾ ഒരു ബൈക്ക് കവർന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി. മോഷണ സംഘത്തിലുള്ള അഖിലിന്റെ അമ്മയുടെ പേരിലായിരുന്നു കാർ. ഇവരെ ചോദ്യം ചെയ്തതോടെ അന്വേഷണം പ്രതികളിലെത്തി.

ജൂൺ ഒൻപത് ഞായറാഴ്ച ഷോറൂമിന്റെ ഉദ്ഘാടനം നിശ്ചയിച്ചതാണ്. പക്ഷേ പഠിച്ച കള്ളന്മാരെ തേടി ശനിയാഴ്ച രാവിലെ പൊലീസ് എത്തി. എറണാകുളം എസിപി പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംരംഭകരായ മോഷണ സംഘത്തെ പിടികൂടി.

പത്തനംതിട്ടയിലെ തിരുവല്ല, കോയിപ്പുറം, എറണാകുളം നോർത്ത്, സൗത്ത്, പാലാരിവട്ടം എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നായി അഞ്ച് വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. കാറിൽ കറങ്ങി നടക്കുന്ന സംഘം ആളൊഴിഞ്ഞ മേഖലകളിൽ റോഡരികിലും മറ്റും വെച്ച ബൈക്കുകൾ കണ്ടെത്തും. പൂട്ടു പൊളിച്ച് മോഷ്ടിക്കും. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുൻപ് തന്നെ വാഹനം വെട്ടി പൊളിച്ച് കഷ്ണമാക്കുന്നതാണ് ഇവരുടെ രീതി. പ്രധാന റോഡുകളും ടോൾ പ്ലാസകളും ഒഴിവാക്കിയാണ് ബൈക്ക് കടത്തുന്നത്. തിരുവല്ലയിൽ നിന്ന് ഒരു ആഡംബര ബൈക്ക് മോഷ്ടിച്ചത് ആക്സിഡന്റ് സ്ഥലത്ത് നിന്നാണ്. അപകടത്തിൽപ്പെട്ട ബൈക്ക് റോഡരികിൽ നിന്നും മോഷ്ടിച്ചു. ഈ വാഹനങ്ങളുടെയെല്ലാം ഭാഗങ്ങൾ കുമ്പനാട്ടെ ഷോറൂമിൽ നിന്നും അഖിലിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും കണ്ടെത്തി. ഷോറൂമിൽ നിന്ന് നേരിട്ടും ഓൺലൈനിലൂടെയും വിൽപ്പന നടത്തും. ബൈക്കുകൾ രൂപമാറ്റം വരുത്താൻ ആഗ്രഹിച്ചെത്തുന്ന യുവാക്കളാണ് ഇടപാടുകാർ. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us