'എന്റെ പിള്ളേര് സ്‌ട്രോങ്ങാ, ഡബിള്‍ സ്‌ട്രോങ്ങ്';സോഷ്യല്‍ മീഡിയ ടീമിനെ അഭിനന്ദിച്ച് കെ സുധാകരന്‍

'എന്റെ പിള്ളേര് സ്‌ട്രോങ്ങാ, ഡബിള്‍ സ്‌ട്രോങ്ങ്';സോഷ്യല്‍ മീഡിയ ടീമിനെ അഭിനന്ദിച്ച് കെ സുധാകരന്‍

പാര്‍ട്ടിക്കായി പോരാടുന്ന ഓരോ സൈബര്‍ പോരാളികളെയും കെപിസിസി പ്രസിഡന്റ്എന്ന നിലയില്‍ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നാണ് സുധാകരന്‍ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും യുഡിഎഫും നേടിയത്.മത്സരിച്ച 16ല്‍ 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഈ വിജയത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിനെ അഭിനന്ദിച്ചിരിക്കുകയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെ പാര്‍ട്ടിയുടെ ശബ്ദമായി മാറുന്ന കാഴ്ച വളരെ സന്തോഷം നല്‍കുന്നതാണ്. വിവിധ ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി പാര്‍ട്ടിക്കായി പോരാടുന്ന ഓരോ സൈബര്‍ പോരാളികളെയും കെപിസിസി പ്രസിഡന്റ്എന്ന നിലയില്‍ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നാണ് സുധാകരന്‍ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.

ദേശീയതലത്തിലുള്ള മാധ്യമങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും അഭിനന്ദനങ്ങള്‍ നേടിയെടുക്കത്ത രീതിയില്‍ സജീവമാകാന്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ സോഷ്യല്‍ മീഡിയ കൂട്ടത്തിന് കഴിഞ്ഞു എന്നതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. കൂടുതല്‍ ശക്തമായും ഉപയോഗപ്രദമായും അച്ചടക്കത്തോടു കൂടിയും സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. അതിന് വേണ്ട എല്ലാ പിന്തുണയും നിങ്ങള്‍ക്കോരുത്തര്‍ക്കും കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംസ്ഥാനത്തെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന അനില്‍ കെ ആന്റണിക്കെതിരെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്ത അനില്‍ കെ ആന്റണിക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പാര്‍ട്ടിയോട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീടാണ് ഡോ. എസ് സരിന്റെയും വി ടി ബല്‍റാമിന്റെയും നേതൃത്വത്തില്‍ പുതിയ സോഷ്യല്‍ മീഡിയ ടീമിനെ കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു.

കെ സുധാകരന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നവമാധ്യമങ്ങളിൽ കോട്ട കെട്ടി പാർട്ടിയെ കാത്ത എന്റെ കുട്ടികളോട്...

ഞങ്ങളൊക്കെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ രീതികളിൽ നിന്ന് വിഭിന്നമായി ജനമനസ്സുകളെ സ്വാധീനിക്കുവാനും തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുവാനും സോഷ്യൽ മീഡിയയ്ക്ക് കഴിയുന്ന രാഷ്ട്രീയ യുഗമാണ് നിലവിലുള്ളത്.

കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകരും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ സാമൂഹിക മാധ്യമങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ പാർട്ടിയുടെ ശബ്ദമായി മാറുന്ന കാഴ്ച വളരെ സന്തോഷം നൽകുന്നതാണ്. വിവിധ ജോലികൾക്കിടയിലും സമയം കണ്ടെത്തി പാർട്ടിക്കായി പോരാടുന്ന ഓരോ സൈബർ പോരാളികളെയും കെപിസിസി പ്രസിഡന്റ്എന്ന നിലയിൽ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളത്തിലെ കോൺഗ്രസിന് ശക്തമായ ഒരു സോഷ്യൽ മീഡിയ സംവിധാനം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതാണ് പ്രസിഡന്റായി ചാർജ് എടുത്ത ഉടൻ തന്നെ ബൽറാമിനെയും, സരിനെയും ഒരു കൂട്ടം ചെറുപ്പക്കാരെയും ഉൾപ്പെടുത്തി പുതിയൊരു സംവിധാനം രൂപപ്പെടുത്തിയത്. ഏറ്റവും ഭംഗിയായി തന്നെ അവരത് മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്.

മോഡി - വിജയൻ സർക്കാരുകളുടെ ജനദ്രോഹപ്രവർത്തനങ്ങളും അഴിമതികളും, കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളും , ഇന്ത്യയിലുടനീളം നടക്കുന്ന പരിപാടികളും താഴേത്തട്ട് വരെ പ്രചരിപ്പിക്കുവാനുതകുന്ന സുശക്തമായ ഒരു സംവിധാനം ഒരുക്കുവാൻ സോഷ്യൽ മീഡിയ സംവിധാനത്തിന് കുറഞ്ഞ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്.

മറ്റു പാർട്ടികളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ പോലെ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്നതും വ്യാജവാർത്ത പ്രചരിപ്പിക്കുന്നതും കോൺഗ്രസ് പാർട്ടി പ്രോത്സാഹിപ്പിക്കാറില്ല അതു കൊണ്ടു തന്നെ മാന്യമായും അച്ചടക്കത്തോടുകൂടിയും പാർട്ടി നിലപാടുകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ കൂട്ടത്തിന് വാർത്തെടുക്കണമെന്നാണ് കെപിസിസി ആഗ്രഹിച്ചതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും.

ദേശീയതലത്തിലുള്ള മാധ്യമങ്ങളുടെയും പൊതുപ്രവർത്തകരുടെയും അഭിനന്ദനങ്ങൾ നേടിയെടുക്കത്ത രീതിയിൽ സജീവമാകാൻ കോൺഗ്രസിന്റെ കേരളത്തിലെ സോഷ്യൽ മീഡിയ കൂട്ടത്തിന് കഴിഞ്ഞു എന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. കൂടുതൽ ശക്തമായും ഉപയോഗപ്രദമായും അച്ചടക്കത്തോടു കൂടിയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് സാധിക്കണം. അതിന് വേണ്ട എല്ലാ പിന്തുണയും നിങ്ങൾക്കോരുത്തർക്കും കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു.

നവമാധ്യമങ്ങളിൽ പാർട്ടിയുടെ ശബ്ദമാവുന്ന പ്രിയ സോഷ്യൽ മീഡിയ പോരാളികളേ നിങ്ങളോരോരുത്തർക്കും ഒരായിരം അഭിവാദ്യങ്ങളോടെ....

കെ സുധാകരൻ.

logo
Reporter Live
www.reporterlive.com