പലതും ചാർത്തി നൽകാൻ ശ്രമിച്ചിട്ടും ജനങ്ങൾ രണ്ടാമതും ഈ സർക്കാരിനെ തിരഞ്ഞെടുത്തു: മുഖ്യമന്ത്രി

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
പലതും ചാർത്തി നൽകാൻ ശ്രമിച്ചിട്ടും ജനങ്ങൾ രണ്ടാമതും ഈ സർക്കാരിനെ തിരഞ്ഞെടുത്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: വാഗ്ദാനങ്ങളിൽ വിരലിൽ എണ്ണാവുന്ന ചിലതൊഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ പൂർത്തിയാക്കിയെന്നും പലതും ചാർത്തി നൽകാൻ ശ്രമിച്ചിട്ടും ജനങ്ങൾ രണ്ടാമതും തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ചരിത്രം തിരുത്തിക്കൊണ്ട് എൽഡിഎഫ് സർക്കാരിന് രണ്ടാം ഊഴം നൽകാൻ ഇത് ജനങ്ങളെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'വാഗ്ദാനങ്ങൾ നടപ്പിലാക്കിയോ എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്താൻ പ്രോഗസ് കാർഡിലൂടെ ജനങ്ങൾക്ക് അവസരം ലഭിക്കും. ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ഇടയിലാണ് മുൻ സർക്കാർ പ്രവർത്തിച്ചത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയപാർട്ടികൾ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകാറുണ്ട്. പിന്നീട് ഇത് എത്ര കണ്ട് നടപ്പായി എന്ന് പരിശോധിക്കാറില്ല. 2016-ല്‍ എൽഡിഎഫ് സർക്കാർ ഇതിന് മാറ്റം വരുത്തി. 2016 മുതലുള്ള അഞ്ചു വർഷക്കാലം റിപ്പോർട്ട് കൃത്യമായി അവതരിപ്പിച്ചു. പ്രളയം, കാലവർഷക്കെടുതി, നിപ, ഓഖി, കൊവിഡ് മഹാമാരി എന്നിവ മുന്നോട്ടുപോകാൻ ആവാത്ത സാഹചര്യം സൃഷ്ടിച്ചു. മഹാദുരന്ത സമയത്ത് ലഭിക്കേണ്ട സഹായം കൃത്യമായി ലഭിച്ചില്ല. സഹായിക്കേണ്ട കേന്ദ്രങ്ങൾ നിഷേധാത്മക സമീപനം സ്വീകരിച്ചു', മുഖ്യമന്ത്രി ആരോപിച്ചു.

നമ്മുടെ നാട് ഒരുപാട് പ്രത്യേകതയുള്ള നാടാണ്. തളർന്നു പോകേണ്ട സമയത്ത് തലയിൽ കൈവച്ച് തളർന്നിരിക്കുകയല്ല കേരളം ചെയ്തത്. കേരളത്തിൻറെ അതിജീവനം അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയാണ് സഹായിക്കേണ്ട കേന്ദ്രങ്ങളിൽ നിന്നുണ്ടായത്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഇത്തരം ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടില്ല. ഈ ഘട്ടത്തിലാണ് പരമോന്നത കോടതിയെ സമീപിച്ചത്. കേരളത്തിൻറെ വാദം കോടതി പോലും അംഗീകരിച്ചു. കേരളത്തിന് അർഹതപ്പെട്ടത് കൊടുക്കൂ ബാക്കി പിന്നീട് ചർച്ച ചെയ്യാമെന്ന് കോടതി പറഞ്ഞു. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷനിലൂടെ നാലു ലക്ഷം വീടുകൾ നിർമ്മിച്ചു. മൂന്നു ലക്ഷത്തിലധികം പട്ടയങ്ങൾ ലഭ്യമാക്കി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ജീവനക്കാരുടെ ശമ്പളം ഉറപ്പു വരുത്തി. ജീവനക്കാരുടെ ഡിഎയും ഉറപ്പുവരുത്തി. ക്ഷേമ പെൻഷൻ കൃത്യമായി നൽകിവരുന്ന സർക്കാരാണ് എൽഡിഎഫ് സർക്കാർ. 2016-ൽ ഒന്നരലക്ഷം കുടിശ്ശിക ഉണ്ടായിരുന്നു. സർക്കാർ അധികാരത്തിൽ വന്ന ആദ്യം ചെയ്തത് കുടിശ്ശിക തീർപ്പാക്കലാണ്. വർഷാവർഷം 600-ൽ നിന്ന് 1600 രൂപയാക്കി ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചു. പെൻഷൻ തടയാൻ ശ്രമം നടന്നു. അതുകൊണ്ട് ചില മാസത്തെ പെൻഷൻ മുടങ്ങി. എന്നാൽ ക്ഷേമപെൻഷൻ കൃത്യമായി നൽകുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചില സംഖ്യ കുടിശ്ശികയായി കിടപ്പുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആ കുടിശ്ശിക തീർക്കാൻ കഴിയില്ല. ഉടൻ ആ കുടിശ്ശികയും അടച്ചു തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com