ചേലക്കരയില് രമ്യ, പാലക്കാട് രാഹുലോ ബല്റാമോ? ഉപതിരഞ്ഞെടുപ്പ് ചര്ച്ചകളിലേക്ക് കോണ്ഗ്രസ്

കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാന് സാധ്യത

dot image

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില് നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ത്ഥി നിര്ണ്ണയ ചര്ച്ചകള്ക്കായി തയ്യാറെടുത്ത് കോണ്ഗ്രസ്. പാര്ട്ടി ഉടന് സ്ഥാനാര്ഥി ചര്ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭ മണ്ഡലങ്ങളിലുമാണ് ഒഴിവു വരുന്നത്. ഇതില് ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്ഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റാണ്.

എംഎല്എയും മന്ത്രിയുമായ സിപിഐഎമ്മിലെ കെ രാധാകൃഷ്ണന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭ മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ആലത്തൂരില് രാധാകൃഷ്ണനോട് പരാജയപ്പെട്ട സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ തന്നെ പരിഗണിക്കാനാണ് സാധ്യത. രമ്യ ആലത്തൂരില് 383336 വോട്ട് നേടിയപ്പോള് രാധാകൃഷ്ണന് 403447 വോട്ട് നേടിയാണ് വിജയിച്ചത്. അതിനാല് ചേലക്കരയില് ഒഴിവുവരുന്ന സീറ്റില് രമ്യക്കായിരുക്കും പാര്ട്ടി ആദ്യം പരിഗണന നല്കാന് സാധ്യത.

പാലക്കാട് എംഎല്എ ആയിരിക്കുമ്പോഴാണ് ഷാഫി പറമ്പില് വടകര മണ്ഡലത്തില് ലോക്സഭ തിരഞ്ഞെടുപ്പില് മത്സരിക്കാനെത്തിയത്. അതിനാല് പാലക്കാട് ഒഴിവുവരുന്ന സീറ്റില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തില്, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്റാം എന്നിവരുടെ പേരുകളാണുയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിയായശേഷം പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിലും ഷാഫിക്കൊപ്പം രാഹുലും പങ്കെടുത്തിരുന്നു. പകരക്കാരനെ തീരുമാനിക്കുന്നതില് ഷാഫിയുടെ അഭിപ്രായം കൂടി പാര്ട്ടി പരിഗണിക്കും.

തൃശ്ശൂരുകാര് കൈവിട്ട മുരളീധരന് വയനാട്ടിലേക്കെത്തുമോ? ആവശ്യം ശക്തം, ചര്ച്ച സജീവം

വയനാട്ടില് രാഹുല് ഗാന്ധി ഒഴിഞ്ഞാല് പ്രിയങ്ക ഗാന്ധിയുടെ പേരും ഉയരുന്നുണ്ട്. ഇതിനിടെ കെ മുരളീധരന്റെ പേര് വയനാട്ടിലേക്ക് നിര്ദ്ദേശിച്ച് കോണ്ഗ്രസും ലീഗ് നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. വയനാട്ടില് മുരളീധരനെ സ്ഥാനാര്ഥിയാക്കിയാല് ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ് കുമാര് റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു. തൃശൂരിലെ പരാജയത്തിന്റെയും ആറ്റിങ്ങലിലെ കഷ്ടിച്ചുള്ള ജയത്തിന്റെയും പിന്നിലെ കാരണങ്ങള് കോണ്ഗ്രസ് അന്വേഷിക്കും. തിരഞ്ഞെടുപ്പുഫലം വിലയിരുത്താന് അടുത്തയാഴ്ച കെപിസിസി നേതൃയോഗം ചേരാനാണ് ആലോചന. യോഗത്തില് അന്വേഷണ രീതി തീരുമാനിക്കും. നിയമസഭാ സമ്മേളനം 10നു തുടങ്ങുന്നതു കൂടി കണക്കിലെടുത്തു 12ന് യുഡിഎഫ് യോഗവും ആലോചിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image