മാറ്റമില്ലാതെ മലപ്പുറം; വെന്നിക്കൊടി പാറിച്ച് ഇ ടി, മൃഗീയ ഭൂരിപക്ഷത്തില്‍ വിജയം

പൊന്നാനി പോലെ മുസ്ലിം ലീ​ഗിന് ആശങ്കയുണ്ടായിരുന്ന മണ്ഡലമായിരുന്നില്ല മലപ്പുറം
മാറ്റമില്ലാതെ മലപ്പുറം; വെന്നിക്കൊടി പാറിച്ച് ഇ ടി,  മൃഗീയ ഭൂരിപക്ഷത്തില്‍ വിജയം

മലപ്പുറത്ത് മുസ്ലിം ലീ​ഗിന് പരാജയമില്ലെന്ന് തെളിയിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയം. 298305 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷതോടെയാണ് ഉരുക്കുകോട്ടയായ മലപ്പുറത്ത് ഇ ടിയുടെ വിജയം. എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി വി വസീഫിനെയാണ് ഇ ടി പരാജയപ്പെടുത്തിയത്.

മൂന്ന് തവണ തുടർച്ചയായി പൊന്നാനിയിൽ നിന്ന് മത്സരിച്ച് ലോക്സഭയിലെത്തിയ ഇ ടി ഇത്തവണ മണ്ഡലം മാറിയൊരു പരീക്ഷണത്തിന് മുതിരുകയായിരുന്നു. അത് വെറുതെയായില്ല, 2019 ലെ തരംഗത്തിൽ നേടിയ 260000 വോട്ടുകളുടെ ഭൂരിപക്ഷമടക്കം സകല റെക്കോര്‍ഡുകളും തകർത്തായിരുന്നു ജന്മനാട്ടിലേക്കുള്ള ഇടി മുഹമ്മദ് ബഷീറിന്റെ ജൈത്രയാത്ര.

പൊന്നാനി പോലെ മുസ്ലിം ലീ​ഗിന് ആശങ്കയുണ്ടായിരുന്ന മണ്ഡലമായിരുന്നില്ല മലപ്പുറം. പ്രചാരണം മുതലേ വിധി ഏതാണ്ട് അനുമാനിച്ചിരുന്നു താനും. വോട്ട് ചോർച്ചകളുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു ആദ്യം മുതൽ ഇ ടിയും മുസ്ലിം ലീ​ഗും.

2008ല്‍ രൂപീകൃതമായതിന് ശേഷം നടന്ന നാല് ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരു ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും മലപ്പുറം മുസ്ലിം ലീഗിനെ മാത്രമാണ് പിന്തുണച്ചത്. 2014 ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് 4,37,723 വോട്ട് നേടിയിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി പി കെ സൈനബയ്ക്ക് 2,42,984 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി എൻ ശ്രീപ്രകാശിന് 64,705 വോട്ടും ലഭിച്ചു. 1,94,739 ആയിരുന്നു 2014 ല്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം (22.8%).

ഇ അഹമ്മദിന്റെ മരണത്തോടെ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 2019 ലേക്കെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് നേടി. സിപിഐഎമ്മിന്റെ വി പി സാനു 3,29,720 വോട്ട് നേടി. ബിജെപിയുടെ ഉണ്ണികൃഷ്ണൻ 82,332 വോട്ടും നേടി. 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം (25.1%). ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയര്‍ത്തുകയാണ് മുസ്ലിം ലീഗ്.

മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന് ലോക്സഭയിലേക്കുള്ള നാലാമത്തെ അങ്കമാണിത്. 2009, 2014, 2019 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് അദ്ദേഹത്തിന് തന്റെ ജന്മനാട്ടില്‍ മത്സരിക്കാന്‍ അവസരം കിട്ടുന്നത്. മലപ്പുറം സീറ്റ് ചോദിച്ച് വാങ്ങിയാണ് ഇത്തവണത്തെ മത്സരം.

1985ല്‍ പെരിങ്ങളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് ഇടിയുടെ തുടക്കം. 1991ല്‍ തിരൂരില്‍ നിന്ന് ജയിച്ച് വിദ്യാഭ്യാസ മന്ത്രിയായി. 1996, 2001 വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു. വീണ്ടും വിദ്യാഭ്യാസ മന്ത്രിയുമായി. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ സിഎച്ച് സെന്ററിന്റെ അമരക്കകാരില്‍ ഒരാളായിരുന്നു.

എംഎസ്എഫിലൂടെയാണ് ഇ ടിയുടെ രാഷ്ട്രീയ പ്രവേശം. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനായിരിക്കേ തൊഴിലാളി വിഷയങ്ങളില്‍ ഇടപെട്ട് ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു നേതാവായി. മുസ്ലിം യൂത്ത്ലീഗ് സ്ഥാപക നേതാക്കളിലൊരാളാണ്. എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, ലീഗ് സംസ്ഥാന സെക്രട്ടറി, പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍, ലീഗിന്റെ ഔദ്യോഗിക വക്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് സൗജന്യ പ്ലസ് ടു വിദ്യാഭ്യാസം, എസ്എസ്എല്‍സിക്ക് ഗ്രേഡിങ് സംവിധാനം എന്നിവ നടപ്പാക്കി. അദ്ദേഹം മന്ത്രിയായ കാലത്താണ് സംസ്‌കൃത, കണ്ണൂര്‍, നിയമ സര്‍വകലാശാലകള്‍ തുടങ്ങിയത്. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കല്‍ തലാപ്പില്‍ മൂസ കുട്ടി, ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം. റുഖിയ ബഷീറാണ് ഭാര്യ. നാല് മക്കളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com