ചാലക്കുടി കൈവിട്ടില്ല; മണ്ഡലം നിലനിർത്തി ബെന്നി ബെഹനാൻ

രണ്ട് തവണ നിയസമഭ അംഗമായിരുന്ന ബെന്നി ബെഹനാന്‍ നിലവില്‍ ചാലക്കുടിയിലെ സിറ്റിങ്ങ് എംപിയാണ്
ചാലക്കുടി കൈവിട്ടില്ല; മണ്ഡലം നിലനിർത്തി ബെന്നി ബെഹനാൻ

ചാലക്കുടി: തുടക്കത്തിലൊന്നു കിതച്ചു, പിന്നീട് സേഫ് ആയി ഒന്നാമത്. ചാലക്കുടിയിലെ സിറ്റിംഗ് എംപിയായ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ മണ്ഡലത്തിലെ ജനം കൈവിട്ടില്ല. ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥ് രണ്ടാം സ്ഥാനത്തും, എൻഡിഎ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണൻ മൂന്നാം സ്ഥാനത്തുമാണ്.

രണ്ട് തവണ നിയസമഭ അംഗമായിരുന്ന ബെന്നി ബെഹനാന്‍ നിലവില്‍ ചാലക്കുടിയിലെ സിറ്റിങ്ങ് എംപിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനമായ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. കഴിഞ്ഞ തവണ നടനും സിപിഐഎം സിറ്റിങ്ങ് എംപിയുമായ ഇന്നസെന്റിനെ 1,32,274 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. 1982ല്‍ പിറവത്ത് നിന്നും 2011ല്‍ തൃക്കാക്കരയില്‍ നിന്നും മത്സരിച്ച് നിയമസഭയിലെത്തി. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ എഐസിസി അംഗമായ ബെന്നി 1981ലാണ് കെപിസിസി എക്സിക്യുട്ടീവ് അംഗമാകുന്നത്.

1987ല്‍ എംഎല്‍എയായിരിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ ഗോപി കോട്ടമുറിയ്ക്കലിനോട് പരാജയപ്പെട്ടു. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും കേരള കോണ്‍ഗ്രസിലെ കെ ഫ്രാന്‍സീസ് ജോര്‍ജ്ജിനോട് പരാജയപ്പെട്ടു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്, വീക്ഷണം പത്രത്തിന്റെ മാനേജിങ്ങ് എഡിറ്റര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു. ബിരുദദാരിയായ ബെന്നി 17 വര്‍ഷം കെപിസിസി ജനറല്‍ സെക്രട്ടറി പദവിയും അലങ്കരിച്ചിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ താലൂക്കിലെ വെങ്ങോലയില്‍ ഒ തോമസിന്റെയും ചിന്നമ്മയുടേയും മകനായി 1952 ഓഗസ്റ്റ് 22നാണ് ജനിച്ചത്. ഇപ്പോള്‍ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് താമസം. ഷെര്‍ലി ബെന്നിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com