ഞെട്ടിപ്പിക്കുന്ന കടമ്പൂർ എയ്ഡഡ് കൊള്ള; സ്കൂളിൽ മെഡിക്കൽ ഇൻഷുറൻസിന്റെ പേരിലും പണപ്പിരിവ്

ആയിരം രൂപ വീതം ഇൻഷൂറൻസിന്റെ പേരിൽ പിരിച്ചെടുത്തു
ഞെട്ടിപ്പിക്കുന്ന കടമ്പൂർ എയ്ഡഡ് കൊള്ള; സ്കൂളിൽ മെഡിക്കൽ ഇൻഷുറൻസിന്റെ പേരിലും പണപ്പിരിവ്

കണ്ണൂര്‍: കടമ്പൂർ സ്കൂളിൽ ഒരിടത്തും കേട്ടുകേൾവിയില്ലാത്ത മെഡിക്കൽ ഇൻഷുറൻസിന്റെ പേരിലും പണപ്പിരിവ് നടത്തി. 2020 - 21 അധ്യയന വർഷത്തിൽ അഡ്മിഷൻ എടുത്ത കുട്ടികളിൽ നിന്നാണ് ആയിരം രൂപ വീതം ഇൻഷൂറൻസിന്റെ പേരിൽ പിരിച്ചെടുത്തത്. പണപ്പിരിവിനെതിരെ രക്ഷിതാക്കൾ പരാതി നൽകിയിട്ടും പണം തിരികെ നൽകാൻ മാനേജ്മെൻ്റ് ഇതുവരെ തയ്യാറായിട്ടില്ല. എയ്ഡഡ് കൊള്ളയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ എസ്ഐടി വാർത്താ പരമ്പര കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടു.

പലതരം തട്ടിപ്പുകളാണ് കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്നത്. കുട്ടികളിൽ നിന്നും മെഡിക്കൽ ഇൻഷൂറൻിൻ്റെ പേരിലും മാനേജ്മെൻ്റ് പണം പിരിച്ചെടുത്തിരിക്കുന്നതിന്‍റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. 2020 - 21 അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ 1086 കുട്ടികളിൽ നിന്നും ആയിരം രൂപ വീതം ഈ ഇനത്തിൽ മാനേജ്മെൻ്റ് പിരിച്ചെടുത്തിട്ടുണ്ട്. 1086000ത്തോളം രൂപ ഇങ്ങനെ മാനേജ്മെന്റ് പിരിച്ചെടുത്തു. കുട്ടികൾക്ക് ഇൻഷുറൻസിന്റെ പരിരക്ഷ ലഭിച്ചതുമില്ല. ഏതെങ്കിലും ആശുപത്രിയോ ഇൻഷുറൻസ് കമ്പനിയുമായോ യാതൊരുവിധ കരാറുമില്ലാതെയാണ് മാനേജ്മെന്റ് ഇൻഷുറൻസ് പണപ്പിരിവ് നടത്തിയത്. രക്ഷിതാക്കൾ പരാതി അറിയിച്ചിട്ടും പണം ഇതുവരെയും തിരികെ നൽകിയിട്ടില്ല.

ലക്ഷങ്ങളാണ് കുട്ടികൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നു എന്ന വ്യാജേന മാനേജ്മെൻ്റ് കൈക്കലാക്കിയത്. ഡിജിറ്റൽ ക്ലാസിന്റെ പേരിൽ, വൈദ്യുതി കുടിവെള്ള ചാർജുകൾ, യൂണിഫോം വിതരണത്തിലെ നികുതി വെട്ടിപ്പ്. ഏറ്റവും ഒടുവിൽ ഇൻഷൂറൻസിന്റെ പേരിൽ നടത്തിയ കൊടുംകൊള്ളയും തെളിവുകൾ സഹിതം പൊതുജന സമക്ഷം അവതരിപ്പിച്ചു. എന്നിട്ടും നടപടിയെടുക്കേണ്ട ഉന്നതർ അനങ്ങാത്തതിൻ്റെ കാരണമാണ് ഇനി പുറത്ത് വരേണ്ടത്. കൂട്ടുകച്ചവടമോ ഈ കാട്ടുകൊള്ളയെന്ന ചോദ്യമാണ് ഉയരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അനധികൃത പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി തവണ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ രാഷ്ട്രീയ സ്വാധീനമാണ് നടപടി ഇല്ലാത്തത്തിന് കാരണമായി പറയപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങളും നടപടികളും കാറ്റില്‍ പടര്‍ത്തിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com