ഇ-പോസ് സേവനം: ഐടി മിഷനെ ഒഴിവാക്കും; കേന്ദ്ര ഏജൻസിയെ കൊണ്ടുവരാൻ നീക്കം

റേഷൻ വിതരണം തടസപ്പെട്ടും മസ്റ്ററിങ് മുടങ്ങിയും സംസ്ഥാനത്ത്‌ പൊതുവിതരണ സംവിധാനം സ്ഥിരം പ്രതിസന്ധിയിലായതോടെയാണ് സർക്കാരിന്റെ മനംമാറ്റം
ഇ-പോസ് സേവനം: ഐടി മിഷനെ ഒഴിവാക്കും; കേന്ദ്ര ഏജൻസിയെ കൊണ്ടുവരാൻ നീക്കം

തിരുവനന്തപുരം: റേഷൻ വിതരണത്തിലും മസ്റ്ററിങ്ങിലും സംസ്ഥാന സർക്കാർ ഏർജൻസിയായ ഐടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജൻസിയെ കൊണ്ടുവരാൻ പൊതുവിതരണ വകുപ്പ്. ഇ- പോസ് സേവനങ്ങൾ കൃത്യമായി നൽകാൻ ഐടി മിഷന് ശേഷിയില്ലെന്ന് വിലയിരുത്തിയാണ് പൊതുവിതരണ വകുപ്പ് ഐടി മിഷനെ ഒഴിക്കിവാക്കുന്നത്. ജൂൺ ഒന്നിന് തുടങ്ങുന്ന ട്രയൽ റൺ വിജയിച്ചാൽ റേഷൻ വിതരണത്തിലെ സാങ്കേതിക സേവനം മുഴുവനായി കേന്ദ്ര ഏജൻസിയായ എൻഐസിക്ക് ഏൽപ്പിക്കാണ് നീക്കം. റേഷൻ വിതരണം തടസപ്പെട്ടും മസ്റ്ററിങ് മുടങ്ങിയും സംസ്ഥാനത്ത്‌ പൊതുവിതരണ സംവിധാനം സ്ഥിരം പ്രതിസന്ധിയിലായതോടെയാണ് സർക്കാരിന്റെ മനംമാറ്റം. റേഷന്റെ ഓൺലൈൻ ചുമതലയുള്ള സംസ്ഥാന സർക്കാർ ഏജൻസി ഐടി മിഷൻ സമ്പൂർണ്ണ പരാജയാമെന്നാണ് പൊതുവിതരണ വകുപ്പിൻറെ വിലയിരുത്തൽ.

പലതവണ മുടങ്ങിയ റേഷൻ മസ്റ്ററിങ് ആണ് ഒടുവിലെ ഉദാഹരണം. കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം ഉണ്ടായിട്ടും മസ്റ്ററിങ് പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇ പോസ് തകരാണെന്ന് ചുരുക്കി പറയുമെങ്കിലും ശരിക്കും തകരാർ ഐടി മിഷനാണെന്ന നിലപാടിലാണ് പൊതുവിതരണ വകുപ്പ്. റേഷൻ വിതരണത്തിനുള്ള ഇ പോസിൽ ആധാർ സ്ഥിരീകരണം അടക്കമുള്ള സാങ്കേതിക സേവനങ്ങൾ നൽകുന്നത് ഐടി മിഷനാണ്. ഐടി മിഷൻ സെർവറിലെ ശേഷിക്കുറവും സാങ്കേതിക പ്രശ്നങ്ങളും നിരവധി തവണ ശ്രമിച്ചെങ്കിട്ടും പരിഹരിക്കാനായില്ല. മസ്റ്ററിങ് കൂടി മുടങ്ങിയതോടെ കേന്ദ്ര ഏജൻസിയായ എൻഐസിയെ സർക്കാർ സമീപിച്ചു.

ജൂൺ ഒന്ന് മുതൽ എൻഐസി ട്രയൽ റൺ തുടങ്ങും. ട്രയൽ റൺ വിജയിച്ചാൽ ചുമതല പൂർണമായി എൻഐസിക്ക് കൈമാറാനാണ് നീക്കം. ഐടി മേഖലയിൽ സംസ്ഥാന സർക്കാർ വൻകുതിപ്പ് നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് റേഷൻ ചുമതലയിലെ വീഴ്ച്ച. ഐടി മിഷന് പകരം കേന്ദ്ര ഏജൻസിയെ കൊണ്ടുവരുന്നത്‌ സർക്കാരിനും നാണക്കേടാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com