ശോഭാ സുരേന്ദ്രൻ്റെ പരാതി; ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്
ശോഭാ സുരേന്ദ്രൻ്റെ പരാതി; ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി

ആലപ്പുഴ: ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. പുന്നപ്ര ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് നന്ദകുമാറിൻ്റെ മൊഴിയെടുക്കുന്നത്. ശോഭാ സുരേന്ദ്രൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് നിലപാടിലാണ് ദല്ലാൾ നന്ദകുമാർ. കേസ് നിയമപരമായി നേരിടുമെന്നും ചോദ്യം ചെയ്യലിന് ഹാജരായ നന്ദകുമാർ പ്രതികരിച്ചു.

ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ മെയ് 9ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാള്‍ നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മാസം 18 നു ശേഷം ഹാജരാകാമെന്ന് കാട്ടി നന്ദകുമാര്‍ പൊലീസിന് മറുപടി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നന്ദകുമാർ ആലപ്പുഴ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരായത്. നന്ദകുമാർ തനിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ശോഭ സുരേന്ദ്രന്റെ പരാതി.

പരാതിയില്‍ നന്ദകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് പുന്നപ്ര പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളത്ത് നന്ദകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ശോഭയുടെ പരാതി.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചായിരുന്നു ആക്ഷേപം. തന്നെ വ്യക്തിഹത്യ നടത്തിയെന്നും ശോഭയുടെ പരാതിയിലുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുമാറിന്റെ ആക്ഷേപം. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിക്കും ശോഭ സുരേന്ദ്രനുമെതിരെയുള്ള നന്ദകുമാറിൻ്റെ ആരോപണങ്ങള്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com