'അവള്‍ ഇങ്ങനെ ചെയ്തത് ആരോടെങ്കിലും പറയാൻ പറ്റുമോ'; യുവതിക്കെതിരെ ആരോപണങ്ങളുമായി രാഹുലിന്റെ അമ്മ

രാഹുൽ വിവാഹം ചെയ്തുകൊണ്ടുവന്നതിനു ശേഷവും യുവതി മറ്റൊരു യുവാവുമായി ബന്ധത്തിലായിരുന്നെന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം.
'അവള്‍ ഇങ്ങനെ ചെയ്തത് ആരോടെങ്കിലും പറയാൻ പറ്റുമോ'; യുവതിക്കെതിരെ ആരോപണങ്ങളുമായി രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ആരോപണങ്ങളുമായി പ്രതി രാഹുലിന്റെ അമ്മ. തങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല. കേസ് ജയിക്കാൻ വേണ്ടിയാണ് യുവതിയുടെ വീട്ടുകാർ സ്ത്രീധനക്കാര്യം പറയുന്നത്. യുവതിയെ രാഹുൽ തല്ലി എന്നത് ശരിയാണ്. വഴക്കിന്റെ കാരണം മറ്റൊന്നാണെന്നും രാഹുലിന്റെ അമ്മ ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

'രാഹുൽ വിവാഹം ചെയ്തുകൊണ്ടുവന്നതിനു ശേഷവും യുവതി മറ്റൊരു യുവാവുമായി ബന്ധത്തിലായിരുന്നെന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. മോളുടെ കുറ്റം അവർ മറച്ചുപിടിക്കുകയാണ്. മോൾ എന്താ പറഞ്ഞത്, മോൾ എന്താ ചെയ്തതെന്ന് അവർ വെളിപ്പെടുത്തുന്നില്ല. ശരിയാണ്, മോളുടെ അച്ഛനൊക്കെ ഇവിടെ വന്നപ്പോഴാണു വേറെ ബന്ധമുണ്ടായിരുന്നെന്ന കാര്യമൊക്കെ ഞങ്ങളും അറിയുന്നത്. അവർ വന്നിട്ട്, മോന്റെ മുറിയിൽ ഇരുന്ന് സംസാരിക്കുമ്പോഴാണു മോൾക്കു മറ്റു ബന്ധങ്ങളുണ്ടെന്ന് ഞങ്ങൾക്ക് മനസിലായത്. മൂന്നു പേരുടെ പേരൊക്കെ അച്ഛൻ പറഞ്ഞു. വീട്ടിൽ വന്നു മോളെ വിവാഹം ആലോചിച്ചതാണെന്നും ജാതകം ചേരാത്തതിന്റെ പേരിൽ ഒഴിവാക്കിയെന്നുമാണു പറഞ്ഞത്. മോൾ ബന്ധം തുടരുന്നുണ്ടോയെന്ന് അറിയില്ലെന്നും പറഞ്ഞു. ഇവിടെ വന്നശേഷവും പക്ഷേ ആ ബന്ധം തുടരുന്നുണ്ടായിരുന്നു. മോളെ രാഹുൽ ചെറുതായി അടിച്ചിട്ടുണ്ട്, ഇല്ലെന്നു പറയുന്നില്ല. അല്ലാതെ കൊല്ലാനൊന്നും ശ്രമിച്ചിട്ടില്ല. എന്നോട് മോൾ സംസാരിക്കാറില്ലായിരുന്നു. അമ്മേടെ കൂടെ നിൽക്കാൻ പറ്റില്ല, അല്ലെങ്കിൽ തിരുവനന്തപുരത്ത് പോയി നിൽക്കുമെന്നും അവൾ പറഞ്ഞു. ഇതു രാഹുൽ എതിർത്തു. ഇതിനു പിന്നാലെയാണ് വാക്കുതർക്കമുണ്ടാകുന്നത്. അല്ലാതെ ഞങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല.'- ഉഷ പറഞ്ഞു.

ഒരു ഫോണ്‍കോള്‍ വന്നതിന്റെ പേരിലാണ് അന്ന് പ്രശ്‌നം തുടങ്ങിയത്. കാമുകന്റെ ഫോണ്‍കോള്‍ വന്നെന്നും അത് അവള്‍ മറച്ചുവെച്ചെന്നുമാണ് പിന്നീട് ചോദിച്ചപ്പോൾ മകൻ പറഞ്ഞത്. താന്‍ ഭര്‍ത്താവായി അടുത്തുള്ളപ്പോൾ എന്തിനാ കള്ളത്തരം കാണിക്കുന്നതെന്നാണ് മകന്‍ അവളോട് ചോദിച്ചത്. അങ്ങനെയാണ് പ്രശ്‌നം തുടങ്ങിയത്. അവന്‍ കൈകൊണ്ടാണ് അടിച്ചത്, ബെല്‍റ്റ് കൊണ്ടല്ല. മരുമകളുടെ നെറ്റിയില്‍ ഒരു മുഴപോലെ കണ്ടിരുന്നു. അത് ചുമരിലിടിച്ചതാണെന്നാണ് പറയുന്നത്. അടിക്കാന്‍ ചെന്നപ്പോള്‍ തിരിഞ്ഞെന്നും അങ്ങനെ ചുമരിലിടിച്ചെന്നുമാണ് മകൻ പറഞ്ഞത്. മരുമകളുടെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ഇതെല്ലാം തങ്ങളും അറിയുന്നത്. ഇവര്‍ തമ്മില്‍ വഴക്ക് കൂടുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചിരുന്നില്ല. അന്ന് മകന്റെ സമനില തെറ്റിപ്പോയിരിക്കും. രണ്ടുപേരും മദ്യപിച്ചിരുന്നു. അവൻ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യും. മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അവള്‍ ഇങ്ങനെ ചെയ്തത് തനിക്ക് അമ്മയോടോ അച്ഛനോടോ നാട്ടുകാരോടോ പറയാന്‍ പറ്റുവോ എന്നാണ് മകൻ ചോദിച്ചതെന്നും രാഹുലിന്റെ അമ്മ ന്യായീകരിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com