'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

ഈ മാസം എട്ടാം തീയതിയായിരുന്നു മസ്ക്കറ്റിൽ കുഴഞ്ഞുവീണ് ആശുപത്രിയിലായ ഭർത്താവിൻ്റെരികിലേക്ക് പോകാൻ ടിക്കറ്റ് എടുത്തത്
'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനം റദ്ദാക്കിയതിനു പിന്നാലെ ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ പോയതിൽ മനംനൊന്ത് ഭാര്യ അമൃതയും കുടുംബവും. മോളെ കണ്ടിരുന്നുവെങ്കില്‍ ഈ ദുരന്തം വരില്ലായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കാണിച്ചത് ക്രൂരതയല്ലെ എന്ന് അമൃതയുടെ അമ്മ ചോദിച്ചു. തൊട്ടടുത്ത ഏതെങ്കിലും ഫ്‌ളൈറ്റില്‍ കയറ്റിവിട്ടിരുന്നുവെങ്കില്‍, കാലില്‍ വീഴുന്നതുപോലെയാണ് സംസാരിച്ചത്. എന്നിട്ട് ആരും മൈന്റ് ചെയ്തില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പരാതി നൽകുമെന്നും അമൃതയുടെ അമ്മ പ്രതികരിച്ചു.

ഈ മാസം എട്ടാം തീയതിയായിരുന്നു മസ്ക്കറ്റിൽ കുഴഞ്ഞുവീണ് ആശുപത്രിയിലായ ഭർത്താവിൻ്റെ അരികിലേക്ക് പോകാൻ അമൃത ടിക്കറ്റ് എടുത്തത്. വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ക്യാൻസലായ വിവരം അറിഞ്ഞത്. ഒരുപാട് പറഞ്ഞതിനു പിന്നാലെയാണ് ഒൻപതാം തീയതിയ്ക്ക് ടിക്കറ്റ് തന്നത്. അതും ക്യാൻസലാവുകയായിരുന്നു. ഫ്ളൈറ്റ് ക്യാൻസലാവുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയില്ലായിരുന്നുെവന്ന് അമൃത റിപ്പോർട്ടറോട് പ്രതികരിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനാണെന്നും ലഗേജ് പോലും കൊണ്ടുപോകണമെന്നില്ലെന്നും ഞങ്ങളെ മാത്രം പറഞ്ഞുവിട്ടാല്‍ മതിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരോട് പറഞ്ഞിരുന്നു. എട്ടാംതീയതിയും ഒന്‍പതാം തീയതിയുമാണ് പോകാന്‍ നിന്നിരുന്നത്. അത് ക്യാന്‍സലായിവേറെ ഒരു ഫ്‌ളൈറ്റുമില്ലായിരുന്നു കണക്ഷന്‍ ഫ്‌ളൈറ്റുപോലുമില്ലായിരുന്നുവെന്നും അമൃത പറഞ്ഞു.

ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, ഇത് ക്യാന്‍സലായി പോയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മാനേജര്‍ പറഞ്ഞതായി അമൃതയുടെ അമ്മ വ്യക്തമാക്കി. അവന്റെ ഒരുവരുമാനം കൊണ്ടാണ് ഇവള്‍ പഠിക്കുന്നതും വാടക വീട്ടിലാണെങ്കിലും കിടക്കുന്നതും. ഈ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തും. ഒന്നുചെന്ന് കണ്ടിരുന്നുെവങ്കില്‍ ആ ജീവന്‍ ഒറ്റപ്പെട്ട് പോകില്ലായിരുന്നു. ആളുണ്ടെന്ന തോന്നലെങ്കിലും ഉണ്ടായിരുന്നേനെയെന്നും അവർ പറഞ്ഞു.

'ഏഴാം തീയതി രാവിലെ വരെ മകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ ആറുമണിയായപ്പോള്‍ മൂന്ന് പ്രാവശ്യം ഫോണ്‍വന്നു ആശുപത്രിയില്‍ നിന്നാണ് വിളിച്ചത്. വയ്യാതായപ്പോള്‍ പുള്ളി ഒറ്റയ്ക്ക് വണ്ടിയെടുത്താണ് ആശുപത്രിയില്‍ പോയത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഹാര്‍ട്ട്അറ്റാക്കാണെന്നുള്ളത്. അപ്പോള്‍ തന്നെ ഐസിയുവില്‍ കയറ്റി. ശേഷമാണ് ഞങ്ങളെ വിളിച്ചത്. ആഞ്ജിയോഗ്രാം ചെയ്യാന്‍ പോകുന്നു. സ്പീഡില്‍ തന്നെ ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്നുണ്ടെന്ന് എന്ന് അവര്‍ പറഞ്ഞിരുന്നു. എട്ടുമണിയായപ്പോള്‍ മകളുടെ കൂട്ടുകാരിയുടെ അച്ഛന്‍ പെട്ടന്ന് പോയി നോക്കൂ എന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തു തന്നു. അന്നത്തേക്ക് ടിക്കറ്റ് ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസത്തെ ടിക്കറ്റാണ് എടുത്തത്.

എട്ടാം തീയതി പോകുന്നതിന് വേണ്ടി വെളുപ്പിന് അഞ്ചുമണിയ്ക്ക് വിമാനത്താവളത്തില്‍ എത്തി. അപ്പോഴാണ് സമരത്തിന്റെ കാര്യം അറിയുന്നത്. അന്ന് പോകാന്‍ പറ്റാതായി. അവിടെവെച്ച് അവരോട് ഒരുപാട് പറഞ്ഞിരുന്നു. സീരിയസാണ് ഒന്ന് ചെന്ന് കാണണം എന്ന് ഒക്കെ. ആരും അത് കേട്ടില്ല. കുറേ ഫൈറ്റ് ചെയ്ത് നിന്നപ്പോള്‍ 10-ാം തീയതിയിലേക്ക് ഡേറ്റ് ഇട്ടു. ഇന്ന് കാണാതെ എങ്ങനെ ആളെ 10-ാം തീയതി പോയി കാണും എന്ന് ചോദിച്ചു. അപ്പോള്‍ ഡേറ്റ് മാറ്റി ഒന്‍പതാം തീയതിയാക്കി തന്നു. രാവിലെ 8.30നുള്ള ഫ്‌ളൈറ്റില്‍ കയറി പോകാന്‍ പറ്റും എന്ന് പറഞ്ഞു. പിറ്റേദിവസം രാവിലെ എട്ട് മണിയ്ക്ക് പോയി. അപ്പോഴും പറയുന്നത് ഫ്ളൈറ്റ് ക്യാന്‍സലായിപ്പോയെന്നാണ്', അമൃതയുടെ അമ്മ പറഞ്ഞു.

'നമ്മളോട് കാണിച്ചത് ക്രൂരതയല്ലേ. തൊട്ടടുത്ത ഏതെങ്കിലും ഫ്‌ളൈറ്റില്‍ കയറ്റിവിട്ടിരുന്നുവെങ്കില്‍, കാലില്‍ വീഴുന്നതുപോലെയാണ് സംസാരിച്ചത്. എന്നിട്ട് ആരും മൈന്റ് ചെയ്തില്ല. അത്രയും സീരിസായിട്ടാണ് പറഞ്ഞത്. മോളെ കണ്ടിരുന്നുവെങ്കില്‍ ഈ ദുരന്തം വരില്ലായിരുന്നു. എയര്‍ ഇന്ത്യക്കാർ സമാധാനം പറഞ്ഞേ പറ്റൂ. അവരുടെ ഒരൊറ്റ പ്രശ്‌നം കൊണ്ടാണ് എൻ്റെ മോളുടെ ജീവിതം പോയത്. അത്രയും ഫൈറ്റ് ചെയ്തു, ഞാനും മകളും ഒരുപാട് പറഞ്ഞതാണ് അടുത്ത ഫ്‌ളൈറ്റിനെങ്കിലും കയറ്റിവിടാന്‍. കുഞ്ഞുങ്ങളെ ആര് നോക്കും, എത്രയൊക്കെ നോക്കിയാലും അച്ഛന്‍ അച്ഛനല്ലാതവുമോ, പരാതിയുണ്ട്. പരാതി കൊടുക്കും', അമൃതയുടെ അമ്മ കൂട്ടിച്ചേർത്തു.

'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ
ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവാതെ യുവാവ് മരിച്ചു

കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com