ഹരിഹരന്റേത് അനുചിതമായ പ്രയോഗം, പ്രകോപനം ഉണ്ടാക്കാനല്ല പരിപാടി സംഘടിപ്പിച്ചത്; തള്ളി ഷാഫി പറമ്പില്‍

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളായാലും അവരോട് രാഷ്ട്രീയമായ വിയോജിപ്പ് പ്രകടിപ്പിക്കാം. അതല്ലാതെ ആക്ഷേപ പരാമര്‍ശം വരാന്‍ പാടില്ലായെന്നത് നൂറ് ശതമാനം പോളിസിയായി കൊണ്ടുനടക്കണം.
ഹരിഹരന്റേത് അനുചിതമായ പ്രയോഗം, പ്രകോപനം ഉണ്ടാക്കാനല്ല പരിപാടി സംഘടിപ്പിച്ചത്; തള്ളി ഷാഫി പറമ്പില്‍

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ ആര്‍എംപി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിദാസന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.

അനുചിതമായ പ്രയോഗമാണ് നടത്തിയത്. പൊതുഇടത്തിലോ സ്വകാര്യസംഭാഷണത്തിലോ പ്രസംഗത്തിലോ ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളും ഉണ്ടാവാന്‍ പാടില്ലാത്ത ചിന്തകളുമാണ് കടന്നുകൂടിയത്. തെറ്റായതും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ പ്രയോഗമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളായാലും അവരോട് രാഷ്ട്രീയമായ വിയോജിപ്പ് പ്രകടിപ്പിക്കാം. പ്രകടനങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയാം. അതല്ലാതെ ആക്ഷേപ പരാമര്‍ശം വരാന്‍ പാടില്ലായെന്നത് നൂറ് ശതമാനം പോളിസിയായി കൊണ്ടുനടക്കണം. ആരെയും ആക്ഷേപിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയല്ല വടകരയിലേത്. നാട് ഒരുമിക്കണം എന്ന വാചകത്തിലാണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രകോപനം ഉണ്ടാക്കാനുള്ള പരിപാടിയല്ല. ഹരിഹരന്റെ വാക്ക് ദൗര്‍ഭാഗ്യകരമായി പോയി. പരിപാടി അവസാനിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവും താനും ആര്‍എംപി നേതാക്കളെ കണ്ടിരുന്നു. സ്വാഗതാര്‍ഹമായ സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഖേദം പ്രകടിപ്പിക്കുകയും പരാമര്‍ശം തള്ളിയ ആര്‍എംപി നിലപാടും സ്വാഗതാര്‍ഹമാണ്.' ഷാഫി പറമ്പില്‍ പറഞ്ഞു.

കെ എസ് ഹരികുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. എന്നാല്‍ ഖേദപ്രകടനം നടത്തിയ അദ്ദേഹത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. വിവാദ പ്രസ്താവന യുഡിഎഫ് അംഗീകരിക്കുന്നില്ല. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണ്ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെ എസ് ഹരിഹരന്റെ പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍എംപി നേതൃത്വത്തിന്റെ സമീപനം ഉചിതമായെന്നും അദ്ദേഹം വ്യക്തമാക്കി.

'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും', എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. വിവാദമായതോടെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com