കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്.

പുലർച്ചെ 4 മണിയോടെ വീട്ടിലേക്ക് ഫോൺ വിളിച്ചറിയിച്ച ശേഷമാണ് യോഗേഷ് കെട്ടിടത്തിൻ്റെ ഏഴാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വീട്ടുകാർ ഹോസ്റ്റൽ വാർഡനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധിയായതിനാൽ ഹോസ്റ്റൽ മുറിയിൽ സഹപാഠിയുണ്ടായിരുന്നില്ല.

പരീക്ഷയ്ക്കായി ഹോസ്റ്റലിൽ തങ്ങുന്ന കുറച്ചു പേരൊഴിച്ചാൽ ഹോസ്റ്റലിൽ അധികമാരുമുണ്ടായിരുന്നില്ല. പഠിയ്ക്കാൻ മിടുക്കനായിരുന്ന യോഗേഷ് ചില പരീക്ഷകളിൽ പരാജയപ്പെട്ടതിൻ്റെ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. യോഗേഷിന് ക്യാംപസിൽ സൗഹൃദങ്ങളും കുറവാണ്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ട് വർഷത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ് ക്യാംപസിൽ നടക്കുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com