പുതിയ കേസും 
പൊലീസ് റിപ്പോര്‍ട്ടും; ഡ്രൈവര്‍ യദുവിനെതിരെ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും

പുതിയ കേസും പൊലീസ് റിപ്പോര്‍ട്ടും; ഡ്രൈവര്‍ യദുവിനെതിരെ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും

നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ശക്തമാക്കി.

തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലധികം സമയം യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം യദുവിനെതിരായ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ശക്തമാക്കി.

ഡ്യൂട്ടിക്കിടയിലെ ഫോണ്‍ വിളിയില്‍ പൊലീസ് റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസിക്ക് നല്‍കും. യദു നേരത്തെ അപകടരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും കഴിഞ്ഞ ദിവസം നടി റോഷ്ന ആന്‍ റോയ് ആരോപിച്ചിരുന്നു.

നടി പറഞ്ഞ കഴിഞ്ഞ വര്‍ഷം ജൂണ്‍18-19 തിയതികളില്‍ തിരുവനന്തപുരം- വഴിക്കടവ് ബസ് ഓടിച്ചത് യദുവാണെന്ന് ട്രിപ്പ് ഷീറ്റില്‍ നിന്ന് വ്യക്തമായിരുന്നു. ഈ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അന്ന് തര്‍ക്കത്തില്‍ ഇടപെട്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. ഇതിനിടെ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിലും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ശുപാര്‍ശ നല്‍കും. നേരത്തെ രണ്ട് കേസുകള്‍ നിലനില്‍ക്കെ താല്‍ക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം.

അതേസമയം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹർജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയത്.

കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹർജിയിലുണ്ട്. ഇതിനിടെ ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദേശം വന്നതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. ഇക്കാര്യം ഇന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കും. എന്നാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യമായിരിക്കും യദുവിന്റെ അഭിഭാഷകന്‍ ഉന്നയിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com