മാസപ്പടി കേസ്: കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയ തിരക്കഥകൾ പൊളിഞ്ഞു
മാസപ്പടി കേസ്: കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം

തിരുവനന്തപുരം: കോടതി വിധി പുറത്ത് വന്നതോടെ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ടെന്ന് സിപിഐഎം. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയ തിരക്കഥകൾ പൊളിഞ്ഞെന്നും സിപിഐഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കമ്പനികൾ നിയമപരമായി നടത്തിയ ഇടപാടിൽ മുഖ്യമന്ത്രിയെ വലിച്ചിഴച്ചുവെന്ന് സിപിഐഎം കുറ്റപ്പെടുത്തി. 'കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി'യെന്ന് പരിഹസിച്ച സിപിഐഎം പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു മാത്യു കുഴൽനാടന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിച്ചു. ആരോപണം ഉന്നയിച്ചവർ മാപ്പുപറയാൻ തയ്യാറാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

നേരത്തെ മാസപ്പടി കേസിൽ തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആരോപണം മാത്രമാണുള്ളതെന്നും തെളിവൊന്നും ഇല്ലെന്നും കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ്റെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. ഹർജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും സിഎംആർഎൽ പണം നൽകിയിട്ടുള്ള മറ്റാരുടെയും പേരിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കും മകൾക്കും എതിരെ മാത്രം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയെന്നും വിധി പകർപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷേപങ്ങൾക്ക് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും പ്രഥമ ദൃഷ്ട്യ തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിധിപകർപ്പിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com