തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കി: ടി സിദ്ദിഖ്

സിപിഐഎം നിർമ്മിച്ച വർഗീയ ബോംബും സൈബർ ബോംബും അവരുടെ കയ്യിൽ നിന്ന് പൊട്ടിത്തെറിച്ചു
തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കി: ടി സിദ്ദിഖ്

കോഴിക്കോട്: വടകര വർഗീയ പ്രചാരണത്തിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തിയാൽ പാനൂർ ബോംബ് സ്ഫോടനത്തിന് സമാന അനുഭവം ഉണ്ടാകുമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് എംഎൽഎ. 'കാഫിർ പ്രയോഗ'ത്തിൽ ആരോപണം പറഞ്ഞാൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പറഞ്ഞവർക്കുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കിയെന്ന് കുറ്റപ്പെടുത്തിയ സിദ്ദിഖ് ഇരുണ്ട കാലത്തേക്ക് കേരളത്തെ നയിക്കുന്ന ശൈലിക്ക് സിപിഐഎം നേതൃത്വം നൽകിയെന്നും ആരോപിച്ചു. വടകരയും കോഴിക്കോടും ഇതിന് ഉദാഹരണമെന്നും സിദ്ദിഖ് ചൂണ്ടിക്കാണിച്ചു.

സിപിഐഎം നിർമ്മിച്ച വർഗീയ ബോംബും സൈബർ ബോംബും അവരുടെ കയ്യിൽ നിന്ന് പൊട്ടിത്തെറിച്ചുവെന്ന് പരിഹസിച്ച സിദ്ദിഖ് മുറിവുണക്കുന്നതിന് പകരം വർഗീയ പ്രചാരണം സിപിഐഎം നടത്താൻ പാടില്ലാത്തതെന്നും ചൂണ്ടിക്കാണിച്ചു. സൈബർ ബോംബിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമം നടത്തുന്നില്ല. ഉറവിടം സിപിഐഎം എന്നതിന്റെ തെളിവാണിത്. വിഷയം കർക്കശമായി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂർണ്ണമായി ബന്ധിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

സൈബർ ആക്രമണം ഉന്നതല നേതൃത്വത്തിന്റെ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ സിദ്ദിഖ് വർഗീയ പ്രചാരണത്തിന് കലാപാഹ്വാനത്തിനും സിപിഐഎം നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രബുദ്ധ വടകരയുടെ മനസ്സിൽ ഇളക്കം തട്ടിക്കാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. എത്ര കത്തിക്കാൻ ശ്രമിച്ചിട്ടും വടകര കത്തിയില്ല. സിപിഐഎമ്മിൻ്റെ യഥാർത്ഥ മുഖം വടകര തിരിച്ചറിഞ്ഞു. സിപിഐഎം ഇരവാദം ലജ്ജാകരമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

സിപിഐഎം പത്രങ്ങളുടെ സ്വഭാവമനുസരിച്ച് പരസ്യം നൽകിയെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. കെ കെ ശൈലജയും സിപിഐഎമ്മും വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം. കെ കെ ശൈലജ പറഞ്ഞ ആദ്യ വീഡിയോ ആരോപണം പൊളിഞ്ഞുവെന്നും സിദ്ദിഖ് പറഞ്ഞു. സിപിഐഎം വർഗീയതക്ക് എതിരെ മെയ് 11ന് യുഡിഎഫ് ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.

കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരൻ്റെ മടങ്ങി വരവ് എഐസിസി നേതൃത്വം തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വയനാട്ടിൽ പുതിയ സ്ഥാനാർഥി വരുമോ എന്ന് ജൂൺ നാലിന് ശേഷം പറയാം. റായ്ബറേലിയിൽ പ്രചാരണത്തിന് പോകും. ഇരുമണ്ഡലങ്ങളിലും വൻ വിജയം നേടും. റായ്ബറേലിയില്‍ രാഹുൽ മത്സരിക്കുമെന്ന തീരുമാനമെടുത്തത് അവസാനത്തെ രണ്ട് ദിവസത്തിലാണെന്നും സിദ്ദിഖ് വ്യക്തമാക്കി. സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ടി സിദ്ദിഖ് വനം വകുപ്പ് സമ്പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com