ഐസിയു പീഡനക്കേസ്; ഡോ. പ്രീതയെ കുറ്റവിമുക്തയാക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ടെന്ന് സമരസമിതി

അടിമുടി പൊരുത്തക്കേടുള്ള റിപ്പോർട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു

dot image

കോഴിക്കോട്: ഡോ. പ്രീതയെ കുറ്റവിമുക്തയാക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ടെന്ന് ഐസിയു പീഡനക്കേസിലെ സമരസമിതി. പ്രധാനസാക്ഷിയായ ചീഫ് നഴ്സിൻ്റെ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തില്ല. ചീഫ് നഴ്സ് അനിത സിസ്റ്ററുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. അതിജീവിതയുടെ മൊഴി ഡോ. പ്രീത പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് അനിത മൊഴി നൽകിയിരുന്നു. എന്നാൽ അനിത സിസ്റ്ററുടെ മൊഴി തള്ളിയ പൊലീസ് ആരോപണ വിധേയയായ ഡോ. പ്രീതയുടെ മൊഴി മാത്രം പരിഗണിച്ചു. അടിമുടി പൊരുത്തക്കേടുള്ള റിപ്പോർട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

മാർച്ച് 18-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയിൽ തുടർന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്, നഴ്സിങ് സൂപ്രണ്ട്, സീനിയര് നഴ്സിങ് ഓഫീസര് തുടങ്ങിയവർ ചേർന്ന് മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

അതിജീവിതയെ പിന്തുണച്ച് മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റിയതടക്കമുള്ള സാഹചര്യവുമുണ്ടായിരുന്നു. പ്രതിഷേധത്തിനെയും തുടർന്നുള്ള ഹൈക്കോടതി ഇടപെടലിനെയും തുടർന്ന് നഴ്സിംഗ് ഓഫീസറായ അനിതയെ പിന്നീട് തിരിച്ചെടുത്തു. അതിനിടയിൽ അതിജീവിതയുടെ ആരോപണങ്ങൾ തള്ളി ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പീഡനം നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് കെ വി പ്രീതയുടെ അന്വേഷണ റിപ്പോർട്ടില് പറയുന്നത്. എന്നാൽ ഈ റിപ്പോർട്ട് പിന്നീട് കൃത്രിമമാണെന്ന് കണ്ടെത്തി. ശേഷം ഡോക്ടർ കെ വി പ്രീതക്കെതിരെയും അന്വേഷണം നടന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ കോപ്പി തേടിയാണ് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

dot image
To advertise here,contact us
dot image