ഉഷ്ണതരംഗ സാധ്യത; ഹൈറേഞ്ച് മേഖലയ്ക്കും തൊഴില് സമയക്രമീകരണം ബാധകം

തോട്ടം മേഖലകളില് വരും ദിവസങ്ങളില് കര്ശന പരിശോധന ഉറപ്പാക്കുമെന്ന് ലേബര് കമ്മീഷണര്

dot image

തിരുവനന്തപുരം: ഉഷ്ണതരംഗസാധ്യതയെ തുടര്ന്ന് തൊഴില് സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമാക്കി സര്ക്കാര് ഉത്തരവിറക്കി. തോട്ടം തൊഴിലാളികള് ഉള്പ്പെടെ എല്ലാ തൊഴിലാളികള്ക്കും ബാധകമായിരിക്കുമെന്ന് ലേബര് കമ്മീഷണര് അറിയിച്ചു. തൊഴില് സമയ ക്രമീകരണങ്ങളില് നേരത്തെ ഹൈറേഞ്ച് മേഖലയെ ഒഴിവാക്കിയിരുന്നു. ഉച്ചക്ക് 12 മുതല് വെകിട്ട് മൂന്ന് വരെയാണ് നിയന്ത്രണം. മേയ് 15 വരെ നിയന്ത്രണം തുടരും. തൊഴില് സമയം നഷ്ടമാവാതിരിക്കാന് വൈകീട്ട് ഏഴ് മണി വരെയുള്ള സമയത്തില് എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകല് സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്ക്കും ഉച്ചയ്ക്ക് 12 മുതല് വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

നിര്മാണ മേഖല, റോഡ് നിര്മാണം, തോട്ടം മേഖലകളില് വരും ദിവസങ്ങളില് കര്ശന പരിശോധന ഉറപ്പാക്കുമെന്ന് ലേബര് കമ്മീഷണര് അറിയിച്ചു. മിക്കയിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളെയടക്കം ഉച്ച സമയത്ത് ജോലി ചെയ്യിക്കുന്നതായി പരാതി ഉയര്ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലിടങ്ങളില് പരിശോധന കര്ശനമാക്കാന് തൊഴില് വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് ഉയര്ന്ന താപനില നിലനില്ക്കുന്ന സാഹചര്യത്തില് 12 ജില്ലകളില് യെല്ലോ അലേര്ട്ട് തുടരും.

വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പാലക്കാട് 39°c, കൊല്ലം തൃശ്ശൂര് കോഴിക്കോട് ജില്ലകളില് 38°c താപനിലയുമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 37°c രേഖപ്പെടുത്തി. 2 മുതല് 4 °c വരെ താപനില ഉയരാന് സാധ്യതയുണ്ട്. മെയ് ആറ് വരെ ഉയര്ന്ന താപനില തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു.

dot image
To advertise here,contact us
dot image