മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

'കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ'
മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

കോഴിക്കോട്: ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ആർടിഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച് സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത്.

കേരളത്തിൽ അങ്ങോളമിങ്ങോളം സിഐടിയു ഉൾപ്പെടെ എല്ലാ സംഘടനകളും സമര രംഗത്തുണ്ടായിരുന്നു എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ലെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.

വാചകമടിയും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ചാനലുകൾക്ക് മുമ്പിൽ വാചകമടിക്കാൻ പ്രത്യേകിച്ച് പണച്ചെലവോ കാര്യക്ഷമതയോ വേണമെന്നില്ല. അഭിനയിക്കാനുള്ള കഴിവുള്ളത് കൊണ്ട് അത് നന്നായി കൈകാര്യം ചെയ്യാൻ താങ്കൾക്ക് സാധിക്കും. ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. അതിന്റെ ജാള്യത തീർക്കാനാണ് അപ്രായോഗിക പരിഷ്‌ക്കാരങ്ങളുമായി മന്ത്രി രംഗത്തുവന്നതെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽനിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അത് തീവ്രവാദികളാണെന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്. ആ ഇടത് നയം തന്നെയാണ് മന്ത്രി ഗണേഷ് കുമാറും പിന്തുടരുന്നത്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവെക്കാനും കൂടിയാണ് മലപ്പുറത്തെ ചൊറിയുന്നതെന്ന് സംശയിക്കുന്നതായും പിഎംഎ സലാം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com