പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ്; ഇന്നുമുതൽ പ്രാബല്യത്തിൽ

പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.
പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ്; ഇന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.

വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.

എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി. കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ട് ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കി സമരം ചെയ്യുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഏകപക്ഷീയമായി ഇറക്കിയ സർക്കുലർ പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com