ചിഹ്നം പോകുമോ ചിറ്റപ്പന്‍ പോകുമോയെന്നാണ് നോക്കുന്നതെന്ന് റിജില്‍; പിന്‍വലിക്കണമെന്ന് ഇടതുനിരീക്ഷകന്‍

'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന് പറഞ്ഞ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു'
ചിഹ്നം പോകുമോ ചിറ്റപ്പന്‍ പോകുമോയെന്നാണ് നോക്കുന്നതെന്ന് റിജില്‍; പിന്‍വലിക്കണമെന്ന് ഇടതുനിരീക്ഷകന്‍

കൊച്ചി: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സിപിഐഎമ്മിന്റെ ചിഹ്നം പോകുമോ ചിറ്റപ്പന്‍ പോകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്ന് റിജില്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയായിലായിരുന്നു റിജിലിന്റെ വിമര്‍ശനം.

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന് പറഞ്ഞ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഇ പി ജയരാജന്റെ കുടുംബവുമായോ ഇപിയെന്ന വ്യക്തിയുമായോ യാതൊരു ബന്ധവുമില്ലാതെ പ്രകാശ് ജാവദേക്കര്‍ ഇപിയുടെ വീട്ടിലേക്ക് പോകുമോ?, ഇതേ ഇ പി ജയരാജനാണ് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉള്ളതെന്നും റിജില്‍ ചൂണ്ടികാട്ടി.

കളമശ്ശേരി സ്‌ഫോടനം നടന്നപ്പോള്‍ വര്‍ഗീയ ഭ്രാന്ത് വിളമ്പിയ രാജീവ് ചന്ദ്രശേഖറുമായാണ് ഇ പി ബന്ധം പുലര്‍ത്തുന്നതെന്നും റിജില്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി ബിസിനസ് നടത്താം, പ്രഭാരിയുമായി വീട്ടിനകത്ത് പിറന്നാള്‍ ആഘോഷിക്കാം. ഇതൊക്കെ അത്ര നിഷ്‌കളങ്കമായി കാണണോയെന്നും റിജില്‍ ചോദിക്കുന്നു.

അതേസമയം റിജില്‍ ഇ പി ജയരാജനെ ചിറ്റപ്പന്‍ എന്ന് വിളിച്ചതിനെ ഇടതുനിരീക്ഷകന്‍ അഡ്വ. പി എ പ്രിജി വിമര്‍ശിച്ചു. മര്യാദയില്ലാത്ത പരാമര്‍ശമാണെന്നും പിന്‍വലിക്കണമെന്നും ഇടതുനിരീക്ഷകന്‍ ആവശ്യപ്പെട്ടെങ്കിലും പിന്‍വലിക്കില്ലെന്ന് റിജില്‍ നിലപാട് വ്യക്തമാക്കി. മന്ത്രിയായിരിക്കുമ്പോള്‍ ബന്ധുവിന് ജോലി നല്‍കിയപ്പോഴാണ് ഇ പി ജയരാജനെ ചിറ്റപ്പന്‍ എന്ന് വിളിച്ചുതുടങ്ങിയതെന്നും റിജില്‍ പരിഹസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com