വോട്ടെടുപ്പില്‍ തുടക്കം മുതലേ താളപ്പിഴ, വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ല: കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
വോട്ടെടുപ്പില്‍ തുടക്കം മുതലേ താളപ്പിഴ, വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ല: കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പില്‍ തുടക്കം മുതലേ താളപ്പിഴയുണ്ടായെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എം എം ഹസ്സന്‍ ആരോപിച്ചു. വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ല. വ്യാപകമായി യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി.

വോട്ടിങ് യന്ത്രം സജ്ജീകരിച്ചതില്‍ പാകപ്പിഴയുണ്ടായെന്നും വിമര്‍ശനമുണ്ട്. ഇത് ബോധപൂര്‍വ്വമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട എം എം ഹസ്സന്‍, ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും വ്യക്തമാക്കി. ബൂത്തുകളില്‍ ഒന്നിലധികം വോട്ടിങ് യന്ത്രം അനുവദിക്കാതിരുന്നതും വോട്ടെടുപ്പ് വൈകുന്നതിന് കാരണമായി. കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യാപകമായ കള്ളവോട്ടും ബൂത്ത് പിടിത്തവും ഉണ്ടായെന്നും എം എം ഹസ്സന്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് വോട്ടിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ആറ് മണിക്ക് ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി. എന്നാല്‍ മണിക്കൂറുകളോളം ക്യൂ നിന്ന പലരും മടങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com