പ്രസ്താവന പിന്വലിച്ച് പരസ്യമായി മാപ്പ് പറയണം; തരൂരിനെതിരെ രാജീവ് ചന്ദ്രശേഖറിന്റെ വക്കീല് നോട്ടീസ്

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിന്വലിച്ച് തരൂര് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

dot image

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി ശശി തരൂര് എംപിക്കെതിരെ വക്കീല് നോട്ടീസ് അയച്ച് ബിജെപി സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖര്. ശശി തരൂര് ടി വി ചാനലിലൂടെ അപകീര്ത്തികരമായ പരാമര്ശങ്ങള് തനിക്കെതിരെ നടത്തിയെന്നും പ്രസ്താവന പിന്വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര് വക്കീല് നോട്ടീസിലൂടെ ആവശ്യപ്പെടുന്നു.

തരൂരിന്റെ പ്രസ്താവന രാജീവ് ചന്ദ്രശേഖറിന്റെ പ്രതിച്ഛായ തകര്ക്കാന് ഉദ്ദേശിച്ചുള്ളതാണെന്നും തിരുവനന്തപുരത്തെ മുഴുവന് ക്രിസ്ത്യന് സമൂഹത്തെയും നേതാക്കളെയും അവഹേളിക്കാനാണെന്നും നോട്ടീസില് ആരോപിക്കുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നോട്ടീസിലുണ്ട്. ഇടവക വൈദികര് ഉള്പ്പെടെയുള്ള, മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികള്ക്ക് പണം നല്കി വോട്ട് നേടാന് രാജീവ് ചന്ദ്രശേഖര് ശ്രമിച്ചുവെന്ന് തരൂര് പ്രചരിപ്പിച്ചെന്നും നോട്ടീസിലുണ്ട്.

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിന്വലിച്ച് തരൂര് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു മതവിഭാഗത്തെ പ്രതികൂട്ടില് നിര്ത്തി സമൂഹത്തില് ഭിന്നതയുണ്ടാക്കി തിരഞ്ഞെടുപ്പില് നേട്ടം കൊയ്യാനാണ് തരൂരിന്റെ ശ്രമമെന്നാണ് ബിജെപി സ്ഥാനാര്ത്ഥി ആരോപിക്കുന്നത്.

പരാമര്ശത്തിനെതിരെ രാജീവ് ചന്ദ്രശേഖര് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല് പ്രസ്താവന നടത്തി ഒരാഴ്ച് കഴിഞ്ഞിട്ടും തരൂര് പ്രതികരിക്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ് വക്കീല് നോട്ടീസ് അയച്ചതെന്ന് രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി.

dot image
To advertise here,contact us
dot image