കേരള രാഷ്ട്രീയത്തിന്റെ അതികായന്‍; കെ എം മാണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്

വിടപറഞ്ഞെങ്കിലും വീരസ്മരണയായി അണികളുടെ ഉള്ളിലുണ്ട് കെ എം മാണി
കേരള രാഷ്ട്രീയത്തിന്റെ അതികായന്‍; കെ എം മാണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്

കൊച്ചി: ഇന്ന് കെ എം മാണിയുടെ അഞ്ചാം ചരമവാര്‍ഷികം. കേരള രാഷ്ട്രീയത്തിന്റെ അമരത്ത് അരനൂറ്റാണ്ടിലധികം കാലം നിറഞ്ഞുനിന്ന നേതാവാണ് കെ എം മാണി. ഒരു കാലഘട്ടത്തിന്റെ സ്മരണയായ നേതാവ്, കേരളരാഷ്ട്രീയത്തിലെ അതികായനായ നേതാവ്.

പി ടി ചാക്കോയുടെ മരണത്തിന് പിന്നാലെ ചാക്കോയോട് കോണ്‍ഗ്രസ് നീതിപുലര്‍ത്തിയില്ലെന്ന് ആരോപിച്ച് തിരുനക്കരമൈതാനിയില്‍ ഒരു യോഗം നടന്നു. അന്നവിടെ തിരികൊളുത്തി പിറന്നത് കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിശ്ചയിച്ച ഒരു പ്രസ്ഥാനമായിരുന്നു, കേരളാകോണ്‍ഗ്രസ്. ആ മൈതാനം മുത്തിപ്പിറന്ന കേരളാകോണ്‍ഗ്രസിലേക്ക് പിന്നീടൊരു പകല്‍ കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയുമെത്തി. കോട്ടയം കോണ്‍ഗ്രസുകാരെ അടിച്ചുവാരിക്കൂട്ടിയെത്തിയ ആ നേതാവിന്റെ പേര് കരിങ്ങോഴക്കല്‍ മാണി മാണിയെന്നായിരുന്നു. പിന്നീടയാള്‍ കേരളത്തിന്റെ കെ എം മാണിയും പാലായുടെ മാണി സാറുമായി. അഞ്ചരപതിറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിലെ അതികായനായി.

കെ എം മാണിയെ ഓര്‍ക്കുമ്പോള്‍ പാലായെക്കുറിച്ചും പറയണം. അവരങ്ങനെ ഇരട്ടപെറ്റവരെപോലെയായിരുന്നു. പാലാ സമം കെ എം മാണി എന്നതിനപ്പുറം ഒരു സമവാക്യം അവിടുത്തെ സമ്മതിദായകര്‍ ആലോചിച്ചതേയില്ല. അഞ്ചു പതിറ്റാണ്ടിലേറെ എംഎല്‍എ, ഒരു മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ചു കയറിയ രണ്ടാമത്തെ നിയമസഭാ സാമാജികന്‍, പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗം, അച്ച്യുതമേനോന്‍ സര്‍ക്കാരില്‍ തുടങ്ങി, കെ കരുണാകരന്‍, എ കെ ആന്റണി, ഇ കെ നായനാര്‍ അവസാനം ഉമ്മന്‍ചാണ്ടി നയിച്ച സര്‍ക്കാരുകളിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി, ഒരു പക്ഷേ കേരള രാഷ്ട്രീയത്തില്‍ ഇനിയാര്‍ക്കും സാധ്യമാവാത്ത റെക്കോര്‍ഡുകളുടെ കൂടി ചരിത്രമായിരുന്നു കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം. വിടപറഞ്ഞെങ്കിലും വീരസ്മരണയായി അണികളുടെ ഉള്ളിലുണ്ട് കെ എം മാണി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com