'ലീഗിന്റെ പതാക ഉയർത്തിപ്പിടിച്ചാൽ എന്ത് നഷ്ടം വരും'; രൂക്ഷവിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ

ഇതിനു മുൻപ് കോൺഗ്രസ്, ലീഗിന്റെ തൊപ്പി ഊരിച്ചിട്ടുണ്ട്. സിഎച്ച് മുഹമ്മദ് കോയയുടെ തൊപ്പി ഊരിയ കഥകൾ ഉണ്ട്. അന്ന് തൊപ്പി ആണെങ്കിൽ ഇന്ന് കൊടിയാണ്. ഇത് മനസിലാകാനുള്ള സാമാന്യ ബുദ്ധി ലീഗ് പ്രവർത്തകർക്ക് ഇല്ലാതെ പോയി.
'ലീഗിന്റെ പതാക ഉയർത്തിപ്പിടിച്ചാൽ എന്ത് നഷ്ടം വരും'; രൂക്ഷവിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം: വയനാട്ടിലെ 'പതാക വിവാദ'ത്തിൽ കോൺഗ്രസിനെയും, മുസ്‌ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ച്‌ മന്ത്രി വി അബ്ദുറഹിമാൻ. എത്രയോ വർഷങ്ങളായി കോൺഗ്രസിന്റെ ഘടക കക്ഷിയാണ് ലീഗ്, മുസ്‌ലിം ലീഗിന്റെ പതാക ഉയർത്തിപ്പിടിച്ചാൽ എന്ത് നഷ്ടം വരും എന്നാണ് അദ്ദേഹം ചോദിച്ചത്. ബിജെപിക്കും, ആർ എസ്‌ എസിനും അതൃപ്തി ഉണ്ടാകുന്നത് ചെയ്യില്ലെന്ന നിർബന്ധ ബുദ്ധിയാണ് കോൺഗ്രസിന്റേത് എന്ന് മന്ത്രി വിമർശിച്ചു.

പതാകകൾ ഉയർത്താൻ ലീ​ഗിന് സ്വാതന്ത്ര്യം ഇല്ല. കേരളത്തിൽ ഉയർത്താൻ കഴിയാത്ത പതാക ഉത്തരേന്ത്യയിൽ എങ്ങനെ ഉയർത്തും. ഇതിനു മുൻപ് കോൺഗ്രസ്, ലീഗിന്റെ തൊപ്പി ഊരിച്ചിട്ടുണ്ട്. സിഎച്ച് മുഹമ്മദ് കോയയുടെ തൊപ്പി ഊരിയ കഥകൾ ഉണ്ട്. അന്ന് തൊപ്പി ആണെങ്കിൽ ഇന്ന് കൊടിയാണ്. ഇത് മനസിലാകാനുള്ള സാമാന്യ ബുദ്ധി ലീഗ് പ്രവർത്തകർക്ക് ഇല്ലാതെ പോയി.

കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളിലെ വിശ്വാസ്യത കുറവ് ജനങ്ങൾക്ക് ബോധ്യമായി. കൃത്യമായി നിലപാട് എടുക്കാൻ രണ്ടു കക്ഷികൾക്കും കഴിയുന്നില്ല. വയനാട് കണ്ടത് ഏറ്റവും വലിയ ഉദാഹരണമാണ്. രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോയിൽ കോൺഗ്രസ്, ലീഗ് പതാകകൾ ഉയർത്താൻ കഴിഞ്ഞില്ല. ‌തിരഞ്ഞെടുപ്പിൽ ഇത്തവണ അത്ഭുതങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വി അബ്ദുറഹിമാൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

അതേസമയം, വയനാട്ടിലെ 'പതാക വിവാദത്തിൽ' കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിനേയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. കേരളത്തിന് പുറത്ത് സിപിഐഎമ്മിന് പ്രസക്തി ഇല്ലെന്ന വാദം ഉയര്‍ത്തിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയോട് സൗമനസ്യം കാട്ടുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയിലും മുന്നണിയിലും തുടരുന്നതിനിടയിലാണ് പുതിയ പോരിന് കുഞ്ഞാലിക്കുട്ടി തന്നെ തുടക്കം കുറിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com